മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ നായുള്ള കാത്തിരിപ്പിലാണ് ഏറെനാളായി പ്രേക്ഷകർ. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം നവംബറിൽ പൂർത്തിയായിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
നവംബർ 23ന് സിനിമ തിയേറ്ററുകളിൽ എത്തും. അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ‘കാതൽ’ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലാണ് പ്രദർശനം. ഡിസംബര്‍ എട്ടുമുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
കാതലിൽ മാത്യു ദേവസിയെന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ദേവസിയുടെ പങ്കാളിയാണ് ജ്യോതിക അവതരിപ്പിക്കുന്ന കഥാപാത്രം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 2009ല്‍ പുറത്തിറങ്ങിയ ‘സീതാകല്യാണ’മാണ് ജ്യോതിക ഏറ്റവുമൊടുവിലായി അഭിനയിച്ച മലയാള ചിത്രം. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ് നിര്‍വഹിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം നിർവ്വഹിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ്.