മുംബൈ : കഷണ്ടിയാണെന്ന സത്യം മറച്ചുവച്ചതിന് ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ. കഷണ്ടി മറച്ചുവച്ച് വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി 27 കാരിയാണ് ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ച് പൊലീസിനെ സമീപിച്ചത്. മുംബൈ സ്വദേശികളായ ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്.
യുവതിയുടെ 29 വയസുകാരനായ ഭര്‍ത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ പരാതി നല്‍കിയതോടെ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി യുവാവ് കോടതിയെ സമീപിച്ചു. വിവാഹത്തിന് മുന്‍പ് കഷണ്ടിയാണെന്ന കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞില്ലെന്നാണ് യുവതി പറയുന്നത്.
ഭര്‍ത്താവ് വിഗ്ഗ വെച്ചിട്ടുണ്ടെന്ന സത്യം താന്‍ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ലെന്നും പരാതിയിലുണ്ട്. ഇക്കാര്യം ഭര്‍ത്താവിന്റെ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ഇതത്ര വലിയ കാര്യമാക്കേണ്ടതില്ലെന്ന പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യുവതി പരാതിയില്‍ പറയുന്നു.