വയനാട് എംപി രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ കോടതി പിഴ വിധിച്ചു. സരിതയുടെ അഭിഭാഷകര്‍ നിരന്തരം ഹാജര്‍ ആകാത്തതിനെ തുടര്‍ന്ന് ആണ് ഹര്‍ജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജര്‍ ആയിരുന്നില്ല. സോളാർ കേസ് പ്രതി സരിത എസ് നായരാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
തന്റെ നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി. വയനാട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹർജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വയനാട്ടിലെ പത്രിക തള്ളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സരിതയുടെ ആവശ്യം.