ദേശീയ ക്ഷയരോഗ നിര്മാര്ജ്ജന യജ്ഞത്തിന്റെ ഭാഗമായി ജനപ്രതിനിധികള്ക്കായി ഏകദിന പരിശീലനം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന പരിശീലനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല് ഗഫൂര്ക്കാട്ടി അധ്യക്ഷത വഹിച്ചു. തദേശ സ്വയംഭരണ സ്ഥാപന പരിധിയില് ക്ഷയരോഗം സംശയിക്കപ്പെടുന്ന എല്ലാവരെയും കണ്ടെത്തി നേരത്തെ രോഗനിര്ണയം നടത്തി ചികിത്സിക്കുകയും തുടര് പരിശോധനകള് ഉറപ്പുവരുത്തി അതുവഴി ക്ഷയരോഗ മുക്ത പഞ്ചായത്തിനു രൂപം നല്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്, പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില് വരുന്ന ഗ്രാമപഞ്ചായത്തുകളുടെ ജനപ്രതിനിധികള് എന്നിവര് പരിശീലനത്തില് പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി പ്രകാശന്, ടി.എസ്.ദിലീപ് കുമാര്, കെ.വി രജിത, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ നിത്യാ ബിജു, മേഴ്സി ബെന്നി, പനമരം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ എം.പി രാജേന്ദ്രന്, സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്ത്ത് ഇന്സ്പെക്ടര് എം.എസ് സനൂജ തുടങ്ങിയവര് സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.