മിക്കയാളുകള്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ളതാണ് ചിക്കന്‍ വിഭവങ്ങള്‍. പല രൂപത്തിലും, രുചിയിലും മുന്നിലെത്തുന്ന ചിക്കനുണ്ടെങ്കില്‍ ചപ്പാത്തിയും ചോറും എത്ര വേണമെങ്കിലും കഴിക്കുന്നവരുമുണ്ട്. ഇതില്‍തന്നെ ചിക്കന്‍ ടിക്കയ്ക്ക് പ്രത്യേകം ആരാധകരുണ്ട്. ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ചത് ഗ്ലാസ്‌ഗോയില്‍ റസ്റ്ററന്റ് നടത്തിയിരുന്ന പാകിസ്താന്‍കാരനായ അലി അഹമ്മദ് അസ്ലമാണ്. കഴിഞ്ഞ ഡിസംബറില്‍ ലോകത്തോട് വിടപറഞ്ഞ അസ്ലമിന്റെ വിയോഗവാര്‍ത്ത വേദനയോടെയാണ് ഭക്ഷണപ്രേമികള്‍ വായിച്ചറിഞ്ഞത്.
ഇപ്പോഴിതാ വീണ്ടും ചിക്കന്‍ ടിക്ക വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച ചിക്കന്‍ ടിക്കയുടെ ഒരു ചിത്രമാണ് ഇതിന് ആധാരം. ഇതിന് പിന്നാലെ വെജിറ്റേറിയനായ കോലി ചിക്കന്‍ കഴിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൊടിപൊടിച്ചു.
Some people on Twitter really don't understand the difference between Chicken tikka and Mock chicken tikka (a kinda plant food)
and started controversy against Virat Kohli for eating non veg. 🤣😭 pic.twitter.com/rplyX4QPmq— Akshat Om (@AkshatOM10) December 12, 2023
എന്നാല്‍ യഥാര്‍ഥത്തില്‍ അത് ‘മോക്ക് ചിക്കന്‍ ടിക്ക’യായിരുന്നു. വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്കായി സോയ കൊണ്ടുണ്ടാക്കുന്നതാണ് ഈ മോക്ക് ചിക്കന്‍ ടിക്ക. ഇത് കാണാന്‍ യഥാര്‍ഥ ചിക്കന്‍ ടിക്ക പോലെത്തന്നെയുണ്ടാകും.
പ്ലാന്റ് ബെയ്‌സ്ഡ് മീറ്റ് പ്രൊഡക്റ്റുകള്‍ ഉണ്ടാക്കുന്ന ബ്ലൂ ട്രൈബ് ഫുഡ്‌സാണ് കോലിക്കായി ഈ മോക്ക് ചിക്കന്‍ ടിക്കയുണ്ടാക്കിയത്. അവരെ ടാഗ് ചെയ്തായിരുന്നു കോലിയുടെ ഇന്‍സ്റ്റാ സ്‌റ്റോറി. നിങ്ങള്‍ ഈ മോക്ക് ചിക്കന്‍ ടിക്ക വളരെ നന്നായി ഉണ്ടാക്കിയിട്ടുണ്ടെന്നും നല്ല സ്വാദുണ്ടായിരുന്നു എന്നുമായിരുന്നു കോലിയുടെ കുറിപ്പ്. ഒപ്പം വായില്‍ നിന്ന് വെള്ളം വരുന്ന ഇമോജിയും ഇന്ത്യന്‍ താരം പങ്കുവെച്ചിരുന്നു.