തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽ തന്നെയെന്നുറപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സ് പൂർത്തിയായ ശേഷം നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശം പാലിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച കേന്ദ്രനിർദേശം ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ലഭിച്ചാൽ പ്രായോഗിക ബുദ്ധിമുട്ട് അറിയിക്കും.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് മാനദണ്ഡം കൊണ്ടുവന്നാൽ ഒരു വർഷം ഒന്നാം ക്ലാസിൽ ചേരാൻ വിദ്യാർഥികളില്ലാത്ത സാഹചര്യമുണ്ടാകും. അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾ ഇതിനകം ഒന്നാം ക്ലാസിലെത്തിയിട്ടുണ്ട്. ആറ് വയസ്സിലേക്ക് ഇത് മാറ്റിയാൽ നിലവിൽ ഒന്നാം ക്ലാസിലുള്ള കുട്ടികൾക്ക് രണ്ടാം ക്ലാസിലേക്ക് പ്രമോഷൻ നൽകാനാവാത്ത അവസ്ഥ വരും.
ഒന്നാം ക്ലാസിൽ ആറ് വയസ്സ് പൂർത്തിയായ കുട്ടികൾ പ്രവേശനത്തിനില്ലാതെയും വരും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് എന്ന നിർദേശം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളിൽ അഞ്ച് വയസ്സിൽ തന്നെയാണ് ഒന്നാം ക്ലാസ് പ്രവേശനം.








