കല്‍പറ്റയെ വര്‍ണക്കടലാക്കി എല്‍ഡിഎഫ് ‘ജനമഹാസാഗരം’

കല്‍പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനമഹാസാഗരം’ കല്‍പറ്റ നഗരത്തെ വര്‍ണക്കടലാക്കി. ജില്ലയില്‍ മുന്നണിയുടെ കരുത്ത് വിളംബരം ചെയ്യുന്നതായി പരിപാടിയുടെ ഭാഗമായി തുറന്ന വാഹനത്തില്‍ എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്തുനിന്നു പുതിയ സ്റ്റാന്‍ഡിലേക്ക് സ്ഥാനാര്‍ഥി ആനി രാജ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര സമിതിയംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ എന്നിവര്‍ നയിച്ച റോഡ് ഷോ.
ആനി രാജയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനു മുമ്പ് നഗരത്തില്‍ നടന്ന എല്‍ഡിഎഫ് പ്രകടനത്തില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം വേണ്ടവിധം ഉണ്ടായില്ലെന്നു വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയായി റോഡ് ഷോ. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജമണ്ഡലങ്ങളില്‍നിന്നായി കാല്‍ ലക്ഷത്തോളം എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കാളികളായത്. ഇടതുമുന്നണിയിലെ മുഴുവന്‍ ഘടക കക്ഷികളുടെയും കൊടികള്‍ റോഡ് ഷോയില്‍ മുന്‍നിര മുതല്‍ പിന്‍നിര വരെ പാറിക്കളിച്ചു. ആനി രാജയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ അരിവാളും നെല്‍ക്കതിരും മുദ്രണം ചെയ്ത തൊപ്പി അണിഞ്ഞും വിവിധ വര്‍ണങ്ങളിലുള്ള ബലൂണുകള്‍ കൈകളിലേന്തിയും പ്രവര്‍ത്തകര്‍ നഗരത്തെ നിറം പിടിപ്പിച്ചു. നാസിക് ഡോളിനും ചടുല സംഗീതത്തിനുമൊപ്പം താളം ചവിട്ടിയ ചെറുപ്പക്കാര്‍ റോഡ് ഷോ വീക്ഷിക്കാന്‍ പാതയോരങ്ങളില്‍ തിങ്ങിനിറഞ്ഞവരിലും ഹരം പകര്‍ന്നു. വഴിയോരങ്ങളില്‍ നിലയുറപ്പിച്ചവരെ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിയും എല്‍ഡിഎഫ് നേതാക്കളും അഭിവാദ്യം ചെയ്തു. ഇതിനിടെ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. വൈകുന്നേരം നാലരയോടെ ആരംഭിച്ച റോഡ് ഷോ മണിക്കൂറിലധികം എടുത്താണ് പുതിയ സ്റ്റാന്‍ഡിലെ പൊതുസമ്മേളന നഗരിയില്‍ സമാപിച്ചത്. റോഡ് ഷോയില്‍ റെഡ് വോളണ്ടിയര്‍മാര്‍ പിടിച്ച ‘ആനി രാജയെ വിജയിപ്പിക്കുക’ എന്നെഴുതിയ കൂറ്റന്‍ ബാനറിനു തൊട്ടുപിന്നില്‍ എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍, കണ്‍വീനര്‍ ടി.വി. ബാലന്‍, വിവിധ പാര്‍ട്ടി നേതാക്കളായ ഒ.ആര്‍. കേളു എംഎല്‍എ, വി.വി. ബേബി, കെ.ജെ. ദേവസ്യ, സി.എം. ശിവരാമന്‍, സണ്ണി മാത്യു, കെ.കെ. ഹംസ, പി.കെ. മൂര്‍ത്തി, പി.കെ. അനില്‍കുമാര്‍, എ.എന്‍. പ്രഭാകരന്‍, വി.പി. വര്‍ക്കി, എന്‍.ഒ. ദേവസി, കെ.പി. ശശികുമാര്‍, എം.ടി. ഇബ്രാഹിം, കെ കെ തോമസ്, കെ റഫീഖ്, ടി സുഗുതന്‍ തുടങ്ങിയവര്‍ അണിനിരന്നു. ഇവര്‍ക്കു പിറകില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് നിറഞ്ഞ് ഒഴുകി.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *