25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി; 4ജി-യും ക്ലൗഡ് ആപ്പുകളുമടക്കം അടിമുടി മാറ്റം, വിലയും ഫീച്ചറുകളും അറിയാം

നോകിയ 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’. ഇപ്പോൾ പഴയ അവതാരത്തിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് എച്ച്.എം.ഡി. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ പതിപ്പിൽ 4G കണക്റ്റിവിറ്റി നൽകിയിട്ടുണ്ട്. കൂടാതെ, ഫോണിന്റെ 25-ാം വാർഷികത്തെ അനുസ്മരിപ്പിക്കുന്നതിന് രസകരമായ ഒരു കൂട്ടം കളർ ഓപ്ഷനുകളുമായാണ് എച്ച്.എം.ഡി ഫോൺ അവതരിപ്പിച്ചത്.

ഇന്നത്തെ കാലത്ത് ‘ഡിജിറ്റൽ ഡിറ്റോക്സ്’ ആഗ്രഹിക്കുന്നവർക്കുള്ള ഫോണാണ് നോകിയ 3210 എന്ന് നിർമ്മാതാക്കളായ എച്ച്എംഡി ഗ്ലോബൽ പറയുന്നു. സ്‌മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, ടെലിവിഷനുകൾ, സോഷ്യൽ മീഡിയ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഒരു വ്യക്തി സ്വമേധയാ വിട്ടുനിൽക്കുന്ന സമയത്തെയാണ് ഡിജിറ്റൽ ഡിറ്റോക്‌സ് എന്ന് പറയുന്നത്.

യൂറോപ്പിലെ തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് നിലവിൽ നോക്കിയ 3210 അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയടക്കമുള്ള മറ്റ് വിപണികളിൽ ലോഞ്ച് ചെയ്യുന്നത് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നോക്കിയ 215 4G, നോക്കിയ 225 4G, Nokia 235 4G എന്നിങ്ങനെ എച്ച്.എം.ഡി സമീപകാലത്തായി അവതരിപ്പിച്ച ഫോണുകളുടെ പാത പിന്തുടർന്നാണ് 3210 4ജിയും എത്തുന്നത്.

നോകിയ 3210 വിലയും വിശേഷങ്ങളും
നോക്കിയ 3210 4G യുടെ 64MB + 128MB കോൺഫിഗറേഷന് യൂറോപ്പിൽ 79.99 യൂറോ (ഏകദേശം 6,700 രൂപ) ആണ് വില. ഗ്രഞ്ച് ബ്ലാക്ക്, സ്കൂബ ബ്ലൂ, Y2K ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.

2.4-ഇഞ്ച് QVGA ഡിസ്‌പ്ലേയാണ് കുഞ്ഞൻ ഫോണിന് നൽകിയിട്ടുള്ളത്, കൂടാതെ Unisoc T107 SoC ആണ് ഫോണിന് കരുത്തേകുന്നത്. S30+ ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫീച്ചർ ഫോൺ 64MB റാമും 128MB ഇൻബിൽറ്റ് സ്റ്റോറേജുമായാണ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ സ്റ്റോറേജിനെ വികസിപ്പിക്കാനും കഴിയും. യൂട്യൂബ് ഷോര്‍ട്‌സ്, ന്യൂസ്, വെതര്‍ തുടങ്ങിയ ക്ലൗഡ് അധിഷ്ടിത ആപ്പുകളും പരിഷ്‌കരിച്ച സ്‌നേക്ക് ഗെയിമും ഫോണിനൊപ്പമുണ്ട്.

2 മെഗാപിക്സൽ പിൻ ക്യാമറയും ടോർച്ച് പോലെ പ്രവർത്തിക്കുന്ന ഫ്ലാഷ് യൂണിറ്റും നൽകിയിട്ടുണ്ട്. വയർഡ്, വയർലെസ് റേഡിയോ, ബ്ലൂടൂത്ത് 5.0, 4ജി കണക്റ്റിവിറ്റി എന്നിവയുടെ പിന്തുണയുമുണ്ട്. 3.5എംഎം ഓഡിയോ ജാക്കും നോകിയ 3210-നൊപ്പമുണ്ട്. 1,450mAh – ഉള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്, അത് 9.8 മണിക്കൂർ വരെ ടോക് ടൈം വാഗ്ദാനം ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി ചാർജിങ് പിന്തുണയാണ് നൽകിയിട്ടുള്ളത്.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.