ടിവി അവതാരകയെ തീർത്ഥം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു; ഗർഭിണിയായ അവതാരക ഗർഭഛിദ്രം നടത്തി: പൂജാരിക്കെതിരെ കേസ്.

തീര്‍ത്ഥം നല്‍കി മയക്കിയ ശേഷം പൂജാരി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച്‌ ചെന്നൈയിലെ സ്വകാര്യ ടിവി ചാനല്‍ അവതാരക. വിരുഗംപാക്കം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. നഗരത്തിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയ്‌ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്ന യുവതി ചെന്നൈയിലെ പാരീസ് കോര്‍ണറിനടുത്തുള്ള ക്ഷേത്രത്തില്‍ പതിവായി പോകാറുണ്ടായിരുന്നു.

ഇവിടെ വച്ചാണ് ക്ഷേത്രത്തിലെ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിയുമായി പരിചയത്തിലായത്. പിന്നീട് ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളും ചടങ്ങുകളും വാട്‌സ്‌ആപ്പ് വഴി യുവതിയെ കാര്‍ത്തിക് അറിയിക്കുമായിരുന്നു. അങ്ങനെ ഇരുവരും സൗഹൃദത്തിലായി. പിന്നീട് ക്ഷേത്രത്തിലെത്തുന്ന സമയത്തെല്ലാം യുവതിയ്ക്ക് ഇയാള്‍ പ്രത്യേക പരിഗണന നല്‍കി ദര്‍ശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ക്ഷേത്രത്തിലെത്തിയ യുവതിയെ വീട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞ് കാര്‍ത്തിക് തന്റെ ബെന്‍സ് കാറില്‍ കയറ്റി. ശേഷം ഒരു തീര്‍ത്ഥം നല്‍കി. അതുകുടിച്ചതോടെ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. അതിന് ശേഷമാണ് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് യുവതിയെ വിവാഹം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തിന് ശേഷം കാര്‍ത്തിക് പതിവായി തന്റെ വീട്ടിലേക്ക് വരുമായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്നീട് താന്‍ ഗര്‍ഭിണിയായപ്പോള്‍ വടപളനിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി ഗര്‍ഭഛിദ്രം ചെയ്തു. അതിന് ശേഷം കാര്‍ത്തിക് തന്നെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിടാന്‍ നോക്കുകയാണെന്നും യുവതി പരാതിയില്‍ ആരോപിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയും യുവതിയുമൊത്തുമുള്ള ചിത്രങ്ങളും വീഡിയോയും പരിശോധിച്ചു. തുടര്‍ന്ന് ആറോളം വകുപ്പുകള്‍ ചുമത്തി പ്രതി കാര്‍ത്തിക് മുനുസ്വാമിയ്‌ക്കെതിരെ കേസെടുത്തു.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.