അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം. മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിദഗ്ധ പരിശോധന നടത്തിയ ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അങ്കമാലി എസിപി പ്രതികരിച്ചു.
അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യന്, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന് ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല.
ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത വിരളമാണ്. അതേസമയം മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ നിന്നും ഉണ്ടായ വാതകചോര്‍ച്ചയോ മറ്റോ ആണോ തീപിടിത്തത്തിന് കാരണമെന്നും പരിശോധിക്കും.