ശ്രീനാരായണ ഗുരുദേവദർശനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം - സ്വാമിനി മാതാ നാരായണ ചൈതന്യമയി

Advertisement
Featured Image

 ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എല്ലാ മതവിശ്വാസങ്ങളിലും പെട്ട മനുഷ്യർക്ക് ജീവിക്കാനുള്ള മാതൃകയാണ് പറഞ്ഞുതരുന്നതെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭ മാതൃസഭ, യുവജന സഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 99-മത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.100 വർഷം മുൻപ് ഗുരു അരുളി ചെയ്ത കാര്യങ്ങൾ ഇന്ന് ലോകം മുഴുവൻ പറഞ്ഞു കൊണ്ടിരിക്കുകയാണ്.മനുഷ്യൻ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ദർശനങ്ങളാണ് ഗുരു നമുക്ക് പറഞ്ഞു തന്നത്.ജാതി ഇല്ലാതാക്കാൻ അല്ല മറിച്ച് മനുഷ്യനെ ഒന്നായി കാണാനാണ് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഉപദേശം പഠിപ്പിക്കുന്നത്. അറിവില്ലാത്ത ഭക്തി അന്ധതയാണെന്ന് തിരിച്ചറിഞ്ഞ ഗുരു, മാനവരാശിയോട് വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉദ്ബോധിപ്പിച്ചു.അക്ഷരവിദ്യയോടൊപ്പം തൊഴിൽ വിദ്യയും ആത്മവിദ്യയും നല്ല മനുഷ്യരായി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സത്യം ധർമ്മം ദയ കാരുണ്യം ഇവ ജീവിതത്തിൽ കൊണ്ടുവന്നാൽ ഏത് മതത്തിൽ വിശ്വസിച്ചാലും നല്ല മനുഷ്യരാകാൻ സാധിക്കുമെന്നാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഉദ്ബോധനത്തിലൂടെ ഗുരു നമ്മെ പഠിപ്പിച്ചത്. ഗുരു മനുഷ്യരാശിക്ക് പകർന്ന മറ്റൊരു ഉപദേശമാണ് സ്വന്തമായി അധ്വാനിച്ച് ജീവിക്കുക എന്നത്. ഇത്തരം ഗുരുദേവദർശനങ്ങൾ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നതു വരെ നമ്മൾ ചെയ്യുന്ന കാര്യങ്ങളിലാണ് കൊണ്ടുവരേണ്ടതെന്നും സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു.


 ഗുരുധർമ്മ പ്രചാരണ സഭ വയനാട് ജില്ലാ പ്രസിഡണ്ട് കെ എൻ ചന്ദ്രൻ കുഴുപ്പിൽ അധ്യക്ഷത വഹിച്ചു.ഗുരുദേവ വിരചിതമായ ഹോമമന്ത്രവും ശാന്തിഹവനം, വിശേഷാൽ ഗുരുപൂജ,ഗുരുപുഷ്പാഞ്ജലിയോടുകൂടിയ പ്രാർത്ഥനകൾ എന്നിവയും നടന്നു. ഗുരുദേവൻ്റെ മഹാസമാധിയെ കുറിച്ച് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗം സരസുനാരായണൻ കുട്ടി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ എന്‍ ചന്ദ്രബാബു, മാതൃസഭ ജില്ലാ പ്രസിഡണ്ട് നിഷാരാജൻ, യുവജനസഭ ജില്ലാ സെക്രട്ടറി എം വി ബാബു, ജില്ലാ ഭാരവാഹികളായ സി കെ ദിവാകരൻ, ശ്രീനിവാസൻ പുന്നത്താനത്ത് ,സി കെ മാധവൻ എന്നിവർ സംസാരിച്ചു.

Advertisement

Related News