ജില്ലയിലെ ഊരുകളിലെ വൈദ്യുതി പ്രതിസന്ധികളും കെ.എസ്.ഇ.ബി. നിലവിൽ നേരിടുന്ന വിവിധ വെല്ലുവിളികളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിഹരിക്കകാന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദേശം നൽകി. ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ഇതുവരെ കുടിശ്ശിക ഇല്ലാത്ത കുടുംബങ്ങൾക്ക് നിശ്ചിത
യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനുമുകളിലുള്ള തുക അടയ്ക്കാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ബിൽ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ അറിയിച്ചു. ഊരുകളില്‍ സുരക്ഷിതമായ വൈദ്യുതി വിതരണത്തിന് കേടുപാടുകൾ വന്ന വയറിങ്ങുകളും മീറ്ററുകളും മാറ്റി പുനരുദ്ധരിക്കമെന്ന് എം.പി. നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, ട്രൈബൽ വകുപ്പ് എന്നിവ സംയുക്തമായി പ്രവർത്തിക്കണമെന്നും ഇതിനാവിശ്യമായ ഫണ്ടുകൾ കണ്ടെത്താനും ആവശ്യമായ സഹായങ്ങൾക്കുമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നേരിട്ട് ഇടപെടാമെന്നും പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പുനൽകി.
യോഗത്തിൽ കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതിയും എം.പി. വിലയിരുത്തി. ചൂരൽമല-മുണ്ടക്കൈ പുനരധിവാസ പദ്ധതി (എസ്.എ.എസ്.സി.ഐ. സ്കീം അടിസ്ഥാന സൗകര്യ പ്രവൃത്തികളും സബ്സ്റ്റേഷൻ വികസനവും), റീവാമ്പ്ട് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (ആർ.ഡി.എസ്.എസ്. - ഘട്ടം I ആൻഡ് II) എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. കൽപ്പറ്റ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള സ്മാർട്ട് മീറ്റർ ഇംപ്ലിമെന്റേഷൻ കൂടുതൽ വേഗത്തിലാക്കാനും എം.പി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഉഷ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, എ.ഡി.എം കെ അജീഷ്, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എൽ സ്വാല, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

