കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നവംബർ 27 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി വി.ഡി സതീശൻ ഇ- മാലിന്യ മുക്ത ജില്ലാ പ്രഖ്യാപനം നടത്തും. ഇ-മാലിന്യ മുക്ത ജില്ലാ പ്രഖ്യാപനത്തിന്റെ ഭാഗമായി കളക്ടറേറ്റ് ആസൂത്രണ ഭവനിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ഭരണ സമിതി അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, വകുപ്പ് മേധാവികൾ, ജീവനക്കാർ, സംഘടനകൾ, വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് മന്ത്രി അറിയിച്ചു. പ്രഖ്യാപന സമ്മേളനത്തിൽ
ഇ-മാലിന്യ ശേഖരണത്തിൽ പങ്കാളികളായ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, മാലിന്യ ശേഖരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകളെ ആദരിക്കും. പ്ലാസ്റ്റിക് മുക്ത ജില്ലാ പ്രഖ്യാപനത്തിൻ്റെ പദ്ധതി രൂപ രേഖ പ്രകാശനവും നടക്കും.
കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ചെയർമാനായും എം.പി പ്രിയങ്ക ഗാന്ധി രക്ഷാധികാരിയും എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ എന്നിവർ വൈസ് ചെയർമാൻമാരും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ വർക്കിങ് ചെയർപേഴ്സണായും ജില്ലാ കളക്ടർ വി. ചെൽസാസിനി കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. പ്രോഗ്രാം, റിസപ്ഷൻ, സ്റ്റേജ് അറേഞ്ച്മെൻ്റ്, റിസപ്ഷൻ, മോമെന്റോ , വിളംബരജാഥ എന്നിവ സുഗമമായി സംഘടിപ്പിക്കുന്നതിന് ആറ് സബ് കമ്മിറ്റികൾ രൂപീകരിച്ചു. സംഘാടക സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി. ചെൽസാസിനി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന ശശിധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി.സി മജീദ്, ജില്ലാ പ്ലാനിങ് ഓഫീസർ എം. കലാമുദ്ദീൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ജി ബിജു, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സജീഷ്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ, ഭരണസമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

