വൈവിധ്യമാർന്ന പച്ചക്കറിക്കൃഷിയുമായി അനൂസ്; വിളവെടുപ്പിന്റെ നിറവിൽ കൃഷിയിടം

Advertisement
Featured Image

വൈവിധ്യമാർന്ന പച്ചക്കറികൾ ഒരേ കൃഷിയിടത്തിൽ വിളയിച്ച് ശ്രദ്ധേയനാകുകയാണ് വൈത്തിരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം പാലം സ്വദേശി കരുവാരത്തൊടിയിൽ അനൂസ്. പരീക്ഷണങ്ങളിലൂടെയും കൃഷിയിലെ പുതുമകളിലൂടെയും പച്ചക്കറിക്കൃഷിക്ക് പുതിയ സാധ്യതകൾ തേടുന്ന കൃഷിയിടത്തിൽ ഇപ്പോൾ വിളവെടുപ്പിന്റെ കാലമാണ്. രണ്ടേക്കറോളം സ്ഥലത്താണ് പ്രധാനമായും പച്ചക്കറിക്കൃഷി ഒരുക്കിയിരിക്കുന്നത്. ആരോറൂട്ട്, ബട്ടർനട്ട്, പീച്ചിൽ, പടവലം, ചൗചൗ, പാവൽ, കോവയ്ക്ക, ചീര, പയർ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഹൈബ്രിഡ് ഇനങ്ങൾ ഉൾപ്പെടെ വ്യത്യസ്ത ഇനങ്ങൾ പരീക്ഷിച്ചാണ് കൃഷി. മായ എന്ന ഹൈബ്രിഡ് ഇനത്തിലുള്ള പാവലും കൊവായി, മഹി വണ്‍ എന്നീ ഇനങ്ങളിലുള്ള പടവലവും കൃഷ്ണപ്രിയ, അർക്ക, സംരക്ഷ എന്നീ ഇനങ്ങളിലുള്ള ചീരയുമാണ് കൃഷി ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയും കൃഷിയെ ബാധിച്ചെങ്കിലും പിന്മാറാതെ വീണ്ടും കൃഷിയിറക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ മഴയിൽ കൃഷി നശിച്ചതിനെത്തുടർന്ന് കന്നിമാസത്തിലാണ് വീണ്ടും കൃഷിയിറക്കിയത്. ഇതോടെ ഇപ്പോൾ വിളവെടുപ്പ് സജീവമായിരിക്കുകയാണ്.


ചീര, പാവൽ, കോവയ്ക്ക, ബട്ടർനട്ട്, പീച്ചിൽ, പടവലം, ചൗചൗ തുടങ്ങിയവയാണ് നിലവിൽ വിളവെടുക്കുന്നത്. വിവിധയിനം പച്ചക്കറികൾ ഒരുമിച്ച് കൃഷി ചെയ്യുന്നതിലൂടെ വിളവിൽ വൈവിധ്യം ഉറപ്പാക്കുന്നതിനൊപ്പം കൃഷിയിലെ പുതിയ സാധ്യതകളും പരീക്ഷിക്കുകയാണ്.

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെയും ഭാഗമായി വൈത്തിരി കൃഷിഭവൻ മുഖേന ഹൈബ്രിഡ് പച്ചക്കറിക്കൃഷി വ്യാപനത്തിന് രണ്ടര ഏക്കറിലേക്ക് 24,000 രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ട്. പാവൽ കൃഷിക്കുള്ള പന്തൽ സംവിധാനത്തിന് 10,000 രൂപയുടെ സഹായവും ലഭിച്ചു. മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിച്ച് ജൈവവള ലഭ്യത ഉറപ്പാക്കുന്നതിനായി 50,000 രൂപ ചെലവ് പ്രതീക്ഷിക്കുന്ന മണ്ണിര കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മൂന്നുവർഷം മുമ്പ് ഓപ്പൺ പ്രിസിഷൻ ഫാമിങ് പദ്ധതിയുടെ സഹായവും ലഭിച്ചിരുന്നു. പച്ചക്കറിക്കൃഷിക്കൊപ്പം ഫാം ടൂറിസത്തിന്റെ ഭാഗമായി സൂര്യകാന്തി, വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലി, വാടാമല്ലി തുടങ്ങിയ പൂക്കളും മറ്റൊരു സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. കൃഷിയിലെ വൈവിധ്യവും പുതുമയും ഒരുമിപ്പിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിലാണ് അനൂസ്. സർക്കാർ സഹായവും സ്വന്തം അധ്വാനവും കൈമുതലാക്കി പച്ചക്കറിക്കൃഷിയിൽ കൂടുതൽ പരീക്ഷണങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം.

Advertisement

Related News