നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി പി എമ്മും സി പി ഐയും തമ്മിലെ തർക്കം കടുക്കുന്നു. പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സി. പി. ഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ് സി പി ഐ നിലപാട്.
പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സി. പി. എം. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സി പി എം തന്നെയാണെന്നുള്ള കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സി.പി.എം നിലപാട് കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
പ്രതിസന്ധി പരിഹരിക്കാൻ സി പി ഐ, സി പി എം ദേശീയ നേതൃത്വങ്ങളുടെ ഇടപെടലിനും ശ്രമിക്കുന്നുണ്ട്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായി സംസാരിക്കും. സംസ്ഥാനത്തെ തർക്കം മുന്നണി ബന്ധത്തെ ബാധിക്കാതിരിക്കാൻ ദേശീയ തലത്തിൽ സമവായമുണ്ടാക്കാനാണ് ഇരുനേതാക്കളും ശ്രമിക്കുന്നത്. വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ന് നിർണായകമായ സിപിഐ നേതൃയോഗം ചേരും.

