ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ നടപടികൾക്ക് ജൂൺ 16ന് തുടക്കമാവും. ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോർട്ടലിൽ നൽകാൻ കഴിയുന്ന ഈ സംവിധാനം പരമാവധിപ്പേർ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിന് പുറമെ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത.
ചരിത്രത്തിൽ ആദ്യമായി ഇത്തവണ പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് സെൻസസ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുമ്പ് രണ്ടാഴ്ചത്തെ സമയമാണ് പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യുമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ നമുക്ക് സൗകര്യപ്രദമായ ഏത് ഭാഷയും തെരഞ്ഞെടുക്കുകയും ചെയ്യാം.
https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അവിടെ സംസ്ഥാനം തെരഞ്ഞെടുക്കുക. തുടർന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നൽകണം. ഒപ്പം മൊബൈൽ ഫോൺ നമ്പറും വേണം. ഒരും മൊബൈൽ ഫോൺ നമ്പർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്ക് കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലവിൽക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടർന്നാണ് സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.
ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താൽ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷൻ, ഇന്റർനെറ്റ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈൽ നമ്പറുമാണ് ചോദ്യങ്ങളിലുള്ളത്.
വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമർപ്പിക്കാം. അതിന് ശേഷം പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൻഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. എച്ച് എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഈ ഐ.ഡി എസ്.എം.എസ് ആയും ഇ-മെയിലായുമൊക്കെ ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുമ്പോൾ ഈ ഐ.ഡി അവർക്ക് നൽകിയാൽ മതിയാവും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താം.
വീടുകളുടെ വിവരശേഖരണമെന്ന സെൻസസ് നടപടികളിലെ ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന വിശദമായ ജനസംഖ്യാ കണക്കെടുപ്പാണ് രണ്ടാം ഘട്ടം. സെൻസസിനായി ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ സാധിക്കില്ല. ഇതിന് നിയമപരമായ പിൻബലവുമുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് സൂക്ഷിക്കുന്നതിനാൽ വിവരങ്ങൾ പൂർണമായും സുരക്ഷിതവുമാണ്.
*പാലിയേറ്റീവ് ഫണ്ട് കൈമാറി*
കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ വൈത്തിരി സി.ഡി.എസ് സമാഹരിച്ച പാലിയേറ്റീവ് ഫണ്ട് ആൽഫ പാലിയേറ്റീവ് സെൻ്ററിന് ഫണ്ട് കൈമാറി. കുടുംബശ്രീകളിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് സമാഹരിച്ച 1,15,900 രൂപ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല സദാനന്ദൻ കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി കുന്നത്ത് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോളി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോർജ്, ബ്ലോക്ക് മെമ്പർ തെസ്നി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ തുടങ്ങിയവർ സംസാരിച്ചു.

