തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം; പലതവണ പറഞ്ഞ കാര്യമെന്ന് മുഖ്യമന്ത്രി

Advertisement
Featured Image

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ബജറ്റില്‍ വെട്ടിക്കുറച്ചത് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജി ആർ അനിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫണ്ട് വെട്ടിക്കുറച്ചത് മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജി ആര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പലതവണ പറഞ്ഞ കാര്യമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ഗൗരവത്തിലെടുത്തില്ല. ആവര്‍ത്തിച്ച് പറഞ്ഞ കാര്യം റൂള്‍ 15 ആയി കൊണ്ടുവരുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവും അംഗങ്ങളും ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റില്‍ വകയിരുത്തിയിരുന്നത് 11,189 കോടിയാണെങ്കില്‍ ഇത്തവണ അത് 8655.45 കോടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1533.55 കോടിയുടെ കുറവുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍വെച്ച പ്ലാന്‍ പൂര്‍ണമായും നടപ്പിലാകാത്തതുകൊണ്ടാണ് തുക കുറയ്‌ക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 35,000 കോടിയുടെ പ്ലാനില്‍ 20,500 കോടി കിട്ടില്ലെന്ന് ഉറപ്പായി. ഇല്ലാത്ത പദ്ധതിവെച്ച് ഫണ്ട് നല്‍കാന്‍ പറ്റുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം ഇതാണെങ്കിലും തങ്ങള്‍ പല പോംവഴികളും കണ്ടെത്തി. അയ്യായിരം കോടി രൂപ മാത്രമാണ് പ്ലാനില്‍ നിന്ന് കുറച്ചത്. ഇതിന്റെ ആനുപാതികമായ കുറവ് എല്ലാ വകുപ്പുകളിലും ഉണ്ടായിട്ടുണ്ട്. കുറവുണ്ടാകാത്തത് എസ് സി, എസ് ടി വകുപ്പിലും ഫിഷറീസ് വകുപ്പിലും മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement

Related News