ലോകകപ്പ് ഫുട്ബോളില്‍ സ്വീഡനെതിരായ ഇരട്ടഗോള്‍ പ്രകടനത്തോടെ ഫിഫ പവര്‍ റാങ്കിംഗിലും ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് റേസിലും അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയെ പിന്തള്ളി ഫ്രഞ്ച് ക്യാപ്റ്റൻ കിലിയന്‍ എംബാപ്പെ. സ്വീഡനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഫിഫ പവര്‍ റാങ്കിംഗില്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന എംബാപ്പെ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമനായി.
കളിക്കാരുടെ അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്‍ഡിംഗ് എന്നീ വിഭാഗങ്ങളിലെ സ്‌കോറുകള്‍ പരിശോധിച്ചാണ് ഫിഫ പവര്‍ റാങ്കിംഗ് നടത്തുന്നത്. പുതിയ റാങ്കിംഗ് പ്രകാരം എംബാപ്പെക്ക് അറ്റാക്കിംഗില്‍ 8.79, ക്രിയേറ്റിവിറ്റിയില്‍ 7.48, ഡിഫന്‍ഡിംഗ് 4.71 എന്നിങ്ങനെയാണ് സ്കോര്‍. അതേസമയം 8.27, 6.38, 5.17 എന്നിങ്ങനെയാണ് മെസിയുടെ സ്‌കോര്‍. ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 74-ാം സ്ഥാനത്താണ്. നാലു സ്ഥാനങ്ങള്ർ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന നോര്‍വെയുടെ ഏര്‍ലിംഗ് ഹാലണ്ടാണ് പവര്‍ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.
ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ പവര്‍ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതും ഫ്രാന്‍സിന്‍റെ ഒസ്മാന്‍ ഡെംബെലെ ഏഴാമതുമാണ്. 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഐവറികോസ്റ്റിന്‍റെ അമാഡ് ഡിയാലോ 10ാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരുമാറ്റം. മെക്സിക്കോയുടെ ഹൂലിയന ക്വിനോനെസ് 30 സ്ഥാനം ഉയര്‍ന്ന് പവര്‍ റാങ്കിംഗില്‍ 11-ാം സ്ഥാനത്തെത്തി. പവര്‍ റാങ്കിംഗില്‍ 106 സ്ഥാനം ഉയര്‍ന്ന് 30-ാം സ്ഥാനത്തെത്തിയ നോര്‍വെയുടെ അന്‍റോണിയോ നൂസയാണ് ഏറ്റവും അധികം നേട്ടം കൊയ്ത താരം

