ജൂലൈ നാലിന് ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയുടെ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ജൂലൈ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ പരീക്ഷ ഓഗസ്റ്റ് ഒന്നിലേക്കും ജൂലൈ അഞ്ചിന് നടത്താനിരുന്ന ഒന്നാം വർഷ പരീക്ഷ ഓഗസ്റ്റ് രണ്ടിലേക്കും മാറ്റി. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമില്ല. പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ജൂലൈ 11ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 18ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ് എന്നിവയും 24ന് പൊളിറ്റിക്കൽ സയൻസ്, 26ന് ഇംഗ്ലീഷ്, 27ന് ഇക്കണോമിക്സ്, ഓഗസ്റ്റ് രണ്ടിന് മലയാളം, ഹിന്ദി, കന്നഡ എന്നീ പരീക്ഷകളുമാണ് നടക്കുക. രണ്ടാം വർഷക്കാർക്ക് ജൂലൈ 10ന് ഇംഗ്ലീഷ്, 12ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ് എന്നിവയും 17ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 19ന് ഇക്കണോമിക്സ്, 25ന് പൊളിറ്റിക്കൽ സയൻസ്, ഓഗസ്റ്റ് ഒന്നിന് മലയാളം, ഹിന്ദി, കന്നഡ എന്നീ പരീക്ഷകളുമാണ് നടക്കുന്നത്.
എല്ലാ ദിവസവും രാവിലെ 9.30 മുതലാണ് പരീക്ഷ. ജില്ലയിൽ മുണ്ടേരി ജി.വി.എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി സർവജന എച്ച്.എസ്.എസ്, കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്, മാനന്തവാടി ജി.എച്ച്.എസ്.എസ് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. രജിസ്റ്റർ ചെയ്തവർക്കുള്ള ഹാൾ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. പാസ്‍പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റാം.

