കൽപ്പറ്റ: ഉപഭോക്താക്കൾ എടുത്തിട്ടില്ലാത്ത വായ്പകൾ അവരുടെ പേരിൽ രേഖപ്പെടുത്തിയെന്ന ഗുരുതര ആരോപണങ്ങൾ ജില്ലയിലുടനീളം ഉയർന്ന സാഹചര്യത്തിൽ ശ്രീറാം ഫിനാൻസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പുതിയ വായ്പകൾക്കായി ബാങ്കുകളെ സമീപിക്കുമ്പോഴാണ് പലരും തങ്ങളുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം ബാധ്യതകൾ ആദ്യമായി അറിയുന്നത്. തെറ്റായ വായ്പാ വിവരങ്ങൾ CIBIL റിപ്പോർട്ടിൽ ഉൾപ്പെടുന്നത് ക്രെഡിറ്റ് സ്കോറിനെ മാത്രമല്ല, ഭവനവായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.
വായ്പ ക്ലോസ് ചെയ്തവരുടെയും മറ്റുള്ളവരുടെ വായ്പയ്ക്ക് ജാമ്യം നിന്നവരുടെയും പേരിൽ വരെ ലക്ഷങ്ങളുടെ വായ്പാബാധ്യത രേഖപ്പെടുത്തിയെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ഉപഭോക്താക്കൾ അറിയാതെ സൃഷ്ടിക്കപ്പെട്ട വായ്പാബാധ്യതകൾ അടിയന്തരമായി നീക്കം ചെയ്ത് CIBIL ഉൾപ്പെടെയുള്ള ക്രെഡിറ്റ് റിപ്പോർട്ടുകൾ തിരുത്തണം. ഇതുമൂലം വായ്പ നിഷേധിക്കപ്പെട്ടവർക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും അർഹമായ പരിഹാരം ഉറപ്പാക്കണം.
‘സാങ്കേതിക തകരാർ’ എന്ന വിശദീകരണം നൽകി വിഷയത്തെ ലഘൂകരിക്കാനാകില്ല. ഓരോ വായ്പയുടെയും അപേക്ഷ, KYC രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വായ്പ അനുവദിച്ച രേഖകൾ, തുക കൈമാറിയ വിവരങ്ങൾ എന്നിവ പരിശോധിച്ച് യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണം.
പരാതികൾക്ക് അടിയന്തര പരിഹാരം കാണാനും ബാധിതരുടെ CIBIL രേഖകൾ പൂർണമായി തിരുത്താനും ശ്രീറാം ഫിനാൻസ് തയ്യാറാകണം. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

