കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. പുറപ്പെടാൻ ഏറെ വൈകിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. ഇന്നലെ വൈകീട്ട് 6.40-ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സർവീസ് നടത്താതെ റദ്ദാക്കിയത്. ഇതോടെ വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി.
ദുബായിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ എത്താതിരുന്നതാണ് സർവീസ് തടസ്സപ്പെടാൻ കാരണമായത്. എന്നാൽ വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനോ, മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് താമസസൗകര്യമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഒരുക്കാനോ വിമാനക്കമ്പനി അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

