ജില്ലയിലെ മലയാളം മീഡിയം വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്മെൻ്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്‌സ് അധ്യാപകർക്കായി സംഘടിപ്പിച്ച ദ്വിദിന എംപവർമെൻറ് പ്രോഗ്രാം സമാപിച്ചു. ഡയറ്റ് വയനാട് ഹാളിൽ നടന്ന പരിപാടി എൻ.സി.ഇ.ആർ.ടി. എക്സ്റ്റൻഷൻ എഡ്യുക്കേഷൻ വിഭാഗത്തിലെ പ്രൊഫ. ഷാജി ബി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് വയനാട് പ്രിൻസിപ്പൽ ഡോ. കെ.എം സെബാസ്റ്റ്യൻ അധ്യക്ഷനായി. ഇ.എൽ.ഇ.പി പരിശീലന മൊഡ്യൂൾ എസ്.എസ്.കെ വയനാട് ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ കെ. നിസാറിൽ നിന്ന് മൈസൂരു റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ പ്രൊഫ. ബി പ്രസാദ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
ജില്ലയിലെ ഒൻപത് സർക്കാർ പ്രൈമറി സ്കൂളുകളിലെ അഞ്ച്, ആറ് ക്ലാസുകളിലെ മലയാളം മീഡിയം വിദ്യാർത്ഥികളിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള ശേഷി വളർത്തുന്നതിന് പ്രവ ർത്തനാധിഷ്ഠിതവും ആശയ വിനിമയാധിഷ്ഠിതവുമായ ഭാഷാപ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം നേടിയ റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. കുട്ടികൾക്ക് ഇംഗ്ലീഷ് സ്വാഭാവികമായി ഉപയോഗിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ഫലപ്രദമായ ഭാഷാപഠന-ബോധന രീതികളിലും അധ്യാപകർക്ക് പ്രായോഗിക പരിശീലനം നൽകി. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ഷിജിത, ഡയറ്റ് വയനാട് ലക്ചറർ പി സജ്ന എന്നിവർ സംസാരിച്ചു.

