ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് വലയിലാക്കി. മേപ്പാടി, റിപ്പൺ 52, പുല്ലാട്ടിൽ വീട്ടിൽ, എം. ജെയ്‌സൽ(26)നെയാണ് അമ്പലവയൽ എസ്.ഐ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ വലിക്കുന്ന പൈപ്പ് കണ്ടെടുത്തു. ഇയാൾക്കെതിരെ കൽപ്പറ്റയിൽ ലഹരി കേസുണ്ട്.
26.07.2026 ന് കോട്ടൂരിൽ നടത്തിയ പരിശോധനയിൽ 124.39 ഗ്രാം എം.ഡി.എം.എയുമായി കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35) പിടിയിലായ സംഭവത്തിലാണ് കൂടുതൽ അറസ്റ്റ്. അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ ഇയാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾക്ക് എം.ഡി.എം.എ കൈമാറിയ ബത്തേരി, പള്ളിക്കണ്ടി, കല്ലുവയൽ, ജാസിം അലി (30)യെ 09.09.2026 ന് വൈകീട്ട് ബത്തേരിയിൽ വച്ച് അമ്പലവയൽ പോലീസ് പിടികൂടിയിരുന്നു. തുടർന്നാണ്, ലഹരി വാങ്ങാൻ പണം നൽകിയ ജെയ്‌സലിനെയും പോലീസ് വലയിലാക്കുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളും പോലീസ് സ്വീകരിച്ചു വരികയാണ്.

