കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ പവർ ബ്രിഗേഡ് റോഡ് സുരക്ഷാ അംഗങ്ങൾ, ദേശീയപാതയോരത്ത് കൈവരിയോട് കൂടിയ നടപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ കലക്ടർ വി.ചെൽസ സിനിക്ക് നിവേദനം നൽകി. ഹയർസെക്കൻഡറി വിഭാഗത്തിന് മുൻവശത്തുള്ള റോഡരികിൽ നിലവിൽ നടക്കാനുള്ള സൗകര്യം ഇല്ല എന്നത് മുൻനിർത്തിയാണ് വിദ്യാർത്ഥികൾ കലക്ടർക്ക് നിവേദനം നൽകിയത്. വാഹനങ്ങൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ടാർ റോഡിലേക്ക് കയറി മാത്രമേ യാത്ര ചെയ്യാൻ നിലവിൽ സൗകര്യമുള്ളൂ. കൈവരിയോട് കൂടിയ നടപ്പാത നിർമ്മിച്ചാൽ കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകും.ദിയ. പി.ബിനോയ്, അവന്തിക.യു, അർച്ചന ജെ എസ് ശ്രീലക്ഷ്മി ടി. എസ് എന്നീ വിദ്യാർത്ഥികളാണ് കലക്ടർക്ക് നിവേദനം നൽകിയത്. പവർബ്രിഗേഡ് കോ ഓർഡിനേറ്റർ ഷാജി.കെ, ജോയിൻറ് കോ ഓർഡിനേറ്റർ ആതിര.വി, കരിയർ ഗൈഡ് പ്രസാദ് കെ എന്നിവർ നേതൃത്വം നൽകി.

