ഭക്ഷണത്തിലെ ഉപ്പുപയോഗം കർശനമായി നിയന്ത്രിക്കാൻ കടുത്ത മാർഗനിർദേശങ്ങളുമായി കർണാടക സർക്കാർ. അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് രക്തസമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്നു എന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾക്കും ഹോട്ടലുകൾക്കും സ്കൂളുകൾക്കും പാക്കറ്റ് ഫുഡ് നിർമാതാക്കൾക്കും മുന്നിൽ ആരോഗ്യ വകുപ്പ് നിബന്ധനകൾ വച്ചിരിക്കുന്നത്. രുചി കൂട്ടാൻ ഇത്തിരി ഉപ്പ് കൂടി. പക്ഷെ ആ ഇത്തിരി ഇന്ന് നമ്മളെ എത്തിക്കുന്നത് വലിയ രോഗങ്ങളിലേക്കാണെന്നാണ് കർണാടക ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടത് 5 ഗ്രാമിൽ താഴെ ഉപ്പ് മാത്രമാണ്. എന്നാൽ ഇന്ന് പലരും ഇതിന്റെ ഇരട്ടിയിലധികമാണ് ഉപയോഗിക്കുന്നത്. ഈ അമിത ഉപയോഗത്തിന് തടയിടാനാണ് കർണാടക സർക്കാരിന്റെ പുതിയ നീക്കം.
ഇനി പൊതുജനങ്ങൾക്ക് മുന്നിൽ സർക്കാർ വച്ചിരിക്കുന്ന നിർദേശങ്ങൾ പരിശോധിക്കാം.അച്ചാർ, ചമ്മന്തി, വറുത്ത പലഹാരങ്ങൾ എന്നിവ ഉണ്ടാക്കുമ്പോൾ ഉപ്പ് പരമാവധി കുറയ്ക്കുക. ഭക്ഷണം രുചിച്ചു നോക്കുന്നതിന് മുൻപ് ഉപ്പ് വിതറുന്ന ശീലം ഒഴിവാക്കുക. റെഡി-ടു-ഈറ്റ്, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ, പ്രോസസ്ഡ് ഫുഡ്സ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ അതിലെ സോഡിയത്തിന്റെ അളവ് ലേബൽ നോക്കി ഉറപ്പുവരുത്തുക. കുട്ടിക്കാലം മുതൽക്കേ ഉപ്പ് കുറച്ച് കഴിക്കുന്ന ശീലം മാതാപിതാക്കൾ കുട്ടികളിൽ വളർത്തിയെടുക്കണം.

