പ്രാദേശിക സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായാല്‍ സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകള്‍ ലക്ഷ്യമിടുമെന്ന് ഇറാൻ.ഇതിലൂടെ ആഗോള ഇന്റർനെറ്റ് സംവിധാനത്തെ തകർക്കുമെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഭീഷണി. അതേസമയം, ഇറാനെതിരായ യുദ്ധത്തില്‍ ഇടപെടാതിരുന്ന റഷ്യയോട് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക സാമ്പത്തികമായും സൈനികമായും ഇറാനെ നേരിടുകയാണെന്നും റഷ്യയുടെ നിലപാട് സ്വാഗതാർഹമാണെന്നും ട്രംപ് പറഞ്ഞു.
അതിനിടെ, യെമനില്‍ ഹൂതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 58 ആയി ഉയർന്നു. സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 200 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിശീലന ക്യാമ്പിലേക്ക് ഹൂതികള്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായും വിവരമുണ്ട്. യെമൻ തീരത്ത് ആയുധങ്ങളുമായി എത്തിയ കപ്പല്‍ പിടിച്ചെടുത്തതായി സൗദി സഖ്യസേന അറിയിച്ചു. രാജ്യത്തെ ഊർജസമ്പന്നമായ ഷബ്വ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ബല്ഹാഫ് ദ്രവീകൃത പ്രകൃതിവാതക കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.അതേസമയം, തായ്സ് ഗവർണറേറ്റിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ യെമൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. വിവിധ മേഖലകളിലായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 129 ഹൂതി വിമതർ കൊല്ലപ്പെടുകയും 176 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. ഇതിനിടെ, ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് അപലപിച്ചു. സമാധാന ചർച്ചകള്‍ നടക്കുന്നതിനിടെയാണ് ആക്രമണങ്ങളുണ്ടായതെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലുമായി കൂടിയാലോചിക്കാതെയാണ് നടപടികളുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.

