പശ്ചിമേഷ്യൻ സംഘർഷം കേരളത്തിൽനിന്ന് വിമാനം വഴിയുള്ള പഴം, പച്ചക്കറി കയറ്റുമതിയെ ബാധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള കയറ്റുമതി 15 മുതൽ 44% വരെ കുറഞ്ഞു. പ്രതിസന്ധികൾക്കിടയിലും കൊച്ചിയിൽ നിന്നുള്ള കയറ്റുമതിയിൽ വർധനയുണ്ട്. 2025, 2026 വർഷങ്ങളിലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ കണക്കുകൾ താരതമ്യം ചെയ്ത് കേരള എക്സ്പോർട്ടേഴ്സ് ഫോറം തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
കനത്ത തിരിച്ചടിയുണ്ടായത് കണ്ണൂർ വിമാനത്താവളത്തിനാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതി 44% കുറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിൽ 18%, തിരുവനന്തപുരത്ത് 15% എന്നിങ്ങനെ കുറവ് രേഖപ്പെടുത്തി. കൊച്ചിയിൽ 20.9% വർധന രേഖപ്പെടുത്തി. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ പഴം,പച്ചക്കറി കയറ്റുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലേക്കാണ്. കൊച്ചിയിൽ നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുൾപ്പെടെ നേരിട്ട് കയറ്റുമതിക്കുള്ള സൗകര്യം നേരത്തെയുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും ഇതിന് അനുമതി ലഭിച്ചത് ഈയിടെയാണ്
കയറ്റുമതി സുഗമമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയാറായാൽ സംസ്ഥാനത്തിന് ഈ മേഖലയിൽ വലിയ സാധ്യതകളുണ്ടെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു.

