ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കാൻ; കൺഫേം ടിക്കറ്റുണ്ടെങ്കിലും സീറ്റ് നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്; എങ്ങനെയെന്നല്ലേ

Advertisement
Featured Image

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കണ്‍ഫേം ടിക്കറ്റ് ലഭിക്കുക എന്നത് പലപ്പോഴും പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ടിക്കറ്റ് കണ്‍ഫേമാണെങ്കിലും ചില സാഹചര്യങ്ങളില്‍ ലഭിച്ച സീറ്റ് നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ 'നോട്ട് ടേണ്‍ഡ് അപ്' (Not Turned Up - NT) നടപടിയെക്കുറിച്ചാണ് ഇതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടത്.


എന്താണ് നോട്ട് ടേണ്‍ഡ് അപ് നിയമം?


കണ്‍ഫേം ടിക്കറ്റ് എടുത്ത യാത്രക്കാരന്‍ താന്‍ കയറേണ്ട സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറാതിരിക്കുകയോ ടിക്കറ്റ് പരിശോധിക്കുന്ന സമയത്ത് സീറ്റില്‍ യാത്രക്കാരനെ കണ്ടെത്താന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ പരിശോധനയ്ക്കുശേഷം ടിടിഇക്ക് ആ യാത്രക്കാരനെ 'നോട്ട് ടേണ്‍ഡ് അപ്' ആയി രേഖപ്പെടുത്താന്‍ കഴിയും. തുടര്‍ന്ന് ഒഴിവുള്ള സീറ്റ് അര്‍ഹരായ ആര്‍എസി (RAC), വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് അനുവദിച്ചുകൊടുക്കാവുന്നതാണ്.അതുകൊണ്ടുതന്നെ കണ്‍ഫേം ടിക്കറ്റ് എടുത്തവര്‍ യാത്രയ്ക്കിടെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.


കണ്‍ഫേം സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ എന്തുചെയ്യണം?


കൃത്യസമയത്ത് ട്രെയിനില്‍ കയറുക

ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡിങ് സ്റ്റേഷനില്‍നിന്ന് തന്നെ യാത്ര ആരംഭിക്കാന്‍ ശ്രദ്ധിക്കുക. അവസാന നിമിഷം സ്റ്റേഷനിലെത്തുന്നത് ഒഴിവാക്കണം. നിങ്ങള്‍ ട്രെയിനില്‍ കയറാത്തതായി രേഖപ്പെടുത്തിയാല്‍ സീറ്റ് മറ്റൊരു അര്‍ഹനായ യാത്രക്കാരന് ലഭിച്ചേക്കാം.

അനുവദിച്ച സീറ്റില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കുക

കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സീറ്റ് മറ്റൊരു കോച്ചിലാണെങ്കില്‍ അവിടേക്ക് പോകുന്ന സാഹചര്യമുണ്ടാകാം. എന്നാല്‍ ടിടിഇ ടിക്കറ്റ് പരിശോധിക്കുമ്പോള്‍ സ്വന്തം സീറ്റില്‍ നിങ്ങളെ കണ്ടെത്താനാകാത്തത് ആശയക്കുഴപ്പമുണ്ടാക്കാം. അതിനാല്‍ താല്‍ക്കാലികമായി മറ്റൊരു സീറ്റിലേക്ക് മാറേണ്ടിവന്നാല്‍ ടിടിഇയെ വിവരം അറിയിക്കുക.

മറ്റൊരു സ്റ്റേഷനില്‍നിന്നാണ് കയറുന്നതെങ്കില്‍ ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റുക

ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റേഷനില്‍നിന്നല്ല യാത്ര ആരംഭിക്കുന്നതെങ്കില്‍, റെയില്‍വേയുടെ ചട്ടങ്ങള്‍ക്കനുസരിച്ച് മുന്‍കൂട്ടി ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റേണ്ടതുണ്ടോ എന്ന് പരിശോധിക്കുക. മാറ്റം വരുത്താതിരുന്നാല്‍ സീറ്റ് ഒഴിവുള്ളതായി കണക്കാക്കപ്പെടാനുള്ള സാധ്യതയുണ്ട്.

Advertisement

Related News