സംസ്ഥാനത്തെ നിരത്തുകളിൽ സ്ഥാപിച്ച എ.ഐ കാമറകൾ വഴി മോട്ടോർ വാഹന വകുപ്പ് ചുമത്തിയ ആകെ പിഴത്തുക 1,000 കോടി രൂപ പിന്നിട്ടു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനിടെ ഒന്നരക്കോടിയോളം ഗതാഗത നിയമലംഘനങ്ങളാണ് കാമറകൾ കണ്ടെത്തിയത്.
എന്നാൽ, ചുമത്തിയ പിഴയിൽ 365 കോടി രൂപ മാത്രമാണ് ഇതുവരെ പിരിഞ്ഞുകിട്ടിയത്. 635 കോടി രൂപ ഇനിയും കുടിശ്ശികയായി തുടരുകയാണ്. കാമറകളെക്കുറിച്ചുള്ള ആദ്യകാല ഭയം കുറഞ്ഞതോടെ നിയമലംഘകർ പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് കുടിശ്ശിക ഉയരാൻ കാരണം
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പുതിയ പിഴ രേഖപ്പെടുത്തി. 2023 ജൂണിൽ 220 കോടി രൂപ ചെലവഴിച്ച് 675 എ.ഐ കാമറകൾ സ്ഥാപിച്ചാണ് പദ്ധതി ആരംഭിച്ചത്. പിരിഞ്ഞുകിട്ടിയ 365 കോടി രൂപ തന്നെ പദ്ധതിയുടെ ആകെ നിർമ്മാണ ചെലവിന്റെ ഒന്നര ഇരട്ടിയിലധികമാണ്.
വലിയ തുക കുടിശ്ശികയായി നിൽക്കുന്നുണ്ടെങ്കിലും, എ.ഐ കാമറകളുടെ സാന്നിധ്യം സംസ്ഥാനത്ത് റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും റോഡ് സുരക്ഷയിൽ വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. കുടിശ്ശിക ഈടാക്കാൻ കർശന നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.

