വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'

Advertisement
Featured Image

വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത വീടുകളുടെ കാര്യത്തിൽ മറുപടിയുമായി മന്ത്രി ടി സിദ്ദിഖ്. 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകിയിട്ടുണ്ട്. ബാക്കിയുള്ളതിന്‍റെ അനുമതിക്കായി പോവുകയാണ്. കോൺട്രാക്റ്റിംഗ് കമ്പനി നിയമപരമായ കാര്യങ്ങൾ എല്ലാം പാലിച്ച് മുന്നോട്ട് പോകുന്നുണ്ട്. ഇന്ന് ഡ്രാഫ്റ്റ് എഗ്രിമെന്‍റ് ആകുമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. അത് കെപിസിസി പ്രസിഡന്‍റ് കൂടെ ഒപ്പിട്ടാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നിര്‍മാണം തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


ഫെബ്രുവരി 26നാണ്‌ രാഹുൽ ഗാന്ധിയും സ്ഥലം എംപി പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട്‌ നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭവന പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനായിട്ടില്ലെന്ന് വലിയ വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. 125 ദിവസങ്ങൾ പിന്നിടുമ്പോൾ ഒരു കിണര്‍ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്.


അതേസമയം, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവലോകന യോഗം ചേരുമെന്ന് മന്ത്രി ടി സിദ്ദിഖ്. ചെളി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുവരെ 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി. 157 വീടുകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാകും. ബാക്കി 62 വീടുകള്‍ ഡിസംബര്‍ 31 നകം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ണ തോതിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത ബാധിതരുടെ ദിനബത്തയും വീട്ടുവാടകയും തുടരും. വീട് ലഭിച്ച 178 പേരുടെ വാടക നിര്‍ത്തലാക്കും. ദിന ബത്തയും ഭക്ഷ്യ കൂപ്പണും മൂന്ന് മാസത്തേക്ക് തുടരും. ദുരന്ത ബാധിതരുടെ അന്തിമ പട്ടിക ഉടന്‍ തയ്യാറാകും. ഒന്നര വര്‍ഷം ഉണ്ടായിട്ടും മുന്‍ സര്‍ക്കാരിന് അതിന് കഴിഞ്ഞില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

Advertisement

Related News