എഐഎസ്എഫ് രാപകൽ സമരം 24, 25 തീയതികളിൽ

Advertisement
Featured Image

കൽപറ്റ: ഡൽഹിയിലെ ജന്തർ മന്തർ കേന്ദ്രീകരിച്ച് നടക്കുന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്) വയനാട് ജില്ലാ കമ്മിറ്റി കൽപറ്റയിൽ രാപകൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. "ഇതാണ് ജന്തർ മന്തർ" എന്ന മുദ്രാവാക്യവുമായി ഒക്ടോബർ 24, 25 തീയതികളിൽ കൽപറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിലാണ് 24 മണിക്കൂർ നീളുന്ന പ്രതിഷേധ പരിപാടി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കും, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ഗുരുതര ആശങ്കകൾക്കും പശ്ചാത്തലമാക്കിയാണ് സമരം. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കാനുള്ള നീക്കവും, തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തകർക്കുമെന്ന് എഐഎസ്എഫ് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ, സാംസ്കാരിക, കലാരംഗങ്ങളിലെ പ്രമുഖർ രാപ്പകൽ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കും. വിദ്യാർഥികളെയും യുവജനങ്ങളെയും ജനാധിപത്യ വിശ്വാസികളെയും മുഴുവൻ അണിനിരത്തി ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും ഈ പ്രതിഷേധം ആഹ്വാനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement

Related News