സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Advertisement
Featured Image

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് കൂടി മഴ മുന്നറിയിപ്പ് നൽകി. ഇതോടെ ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള ജില്ലകളുടെ എണ്ണം എട്ടായി. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് നൽകിയിരുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാണാതായ ഒരാൾക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തി അഞ്ച് പേരാണ് മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ ഒരു സ്ത്രീയെ കണ്ടെത്താനുണ്ട്. തിരച്ചിൽ ഊർജിതമാണ്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

Advertisement

Related News