ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കേരളത്തില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കൈവരിക്കേണ്ട ലക്ഷ്യമായിരുന്നു പ്രധാന ചര്‍ച്ച. രാജീവ് ചന്ദ്രശേഖരനും അനില്‍ ആന്റണിയും ഒഴികെ ലോക്‌സഭയിലേക്ക് മല്‍സരിച്ചവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിച്ചാല്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്. 9 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തും. 35000ത്തിലധികം വോട്ട് നേടിയ 55ലധികം സീറ്റുകളുണ്ട്. ഇവിടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചുതുടങ്ങിയെന്നാണ് വിലയിരുത്തല്‍.
ജൂലൈ ഒമ്ബതിന് തിരുവനന്തപുരത്ത് ബിജെപിയുടെ വിശാല നേതൃയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ യോഗത്തില്‍ സംബന്ധിക്കും. അദ്ദേഹത്തിന് ദേശീയ അധ്യക്ഷ പദവി നീട്ടി നല്‍കുമെന്നാണ് വിവരം. ജെപി നദ്ദ പങ്കെടുക്കുന്ന യോഗത്തിലെ പ്രധാന ചര്‍ച്ച വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആയിരിക്കും.
സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള വോട്ടുകള്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചതാണ് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നത്. ചിട്ടയായ പ്രവര്‍ത്തനം നടത്തിയാല്‍ കേരളത്തില്‍ ഇനിയും മുന്നേറാമെന്ന് നേതൃത്വം കരുതുന്നു. വികസന രാഷ്ട്രീയമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു.
ക്രൈസ്തവ സമുദായ നേതാക്കളില്‍ എല്ലാവരുടെയും പിന്തുണ ലഭിച്ചില്ലെങ്കിലും തൃശൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സമുദായംഗങ്ങള്‍ വോട്ട് ചെയ്തുവെന്നു ബിജെപി നേതൃത്വം വിലയിരുത്തി. ഹിന്ദുക്കളിലെ എല്ലാ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. ഒപ്പം ക്രൈസ്തവ സമുദായത്തെ അടുപ്പിക്കാനുള്ള ശ്രമങ്ങളും തുടരും.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വലിയ ഒരുക്കം പാര്‍ട്ടി നടത്തും. പി രഘുനാഥിന് മണ്ഡലത്തിന്റെ ചുമതല നല്‍കി കഴിഞ്ഞു. വയനാട്ടില്‍ എംടി രമേശും ചേലക്കരയില്‍ കെകെ അനീഷ് കുമാറും മേല്‍നോട്ടം വഹിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മികച്ച പ്രകടനം ബിജെപി കാഴ്ചവച്ചിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി.
35 സീറ്റ് ലഭിച്ചാല്‍ കേരളം എന്‍ഡിഎ ഭരിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. അന്നത്തെ വോട്ട് കണക്കുകള്‍ ബിജെപിയുടെ ഈ വാദത്തിന് ബലമേകിയിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ മൊത്തം മാറിയിരിക്കുന്നു. ആഞ്ഞുപിടിച്ചാല്‍ കൂടെ പോരുന്ന മണ്ഡലങ്ങളുണ്ട് എന്ന് ബിജെപിക്ക് വ്യക്തമായിരിക്കുകയാണ്.
സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ വോട്ട് പിടിച്ചതാണ് ബിജെപിക്ക് പ്രതീക്ഷ ഇരട്ടിയാക്കുന്നത്. സര്‍ക്കാരിനെതിരായ വികാരം പരമാവധി മുതലെടുക്കാനുള്ള ശ്രമങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകും. തലശേരി മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വോട്ടുള്ള പഞ്ചായത്തുകളില്‍ തുടര്‍ച്ചയായി പൊതുപരിപാടികള്‍ സംഘടിപ്പിച്ച് സംസ്ഥാന നേതാക്കളുടെ നിറസാന്നിധ്യം ഉറപ്പാക്കാനാണ് തീരുമാനം. എന്നാല്‍ ബിജെപിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം ആവിഷ്‌കരിക്കുമെന്ന് കരുതുന്നു. യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ പ്രതിരോധിക്കേണ്ട അവസ്ഥയിലേക്കാണ് സിപിഎം എത്തിയിരിക്കുന്നത്