വയറിളക്ക രോഗങ്ങൾക്കെതിരെയും ഭക്ഷ്യ വിഷബാധക്കെതിരെയും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു. ജില്ലയുടെ ചില ഭാഗങ്ങളിൽ നിന്ന് വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കൂടാതെ ദ്വാരക എ യു പി സ്കൂളിലെ ഇരുനൂറിലധികം കുട്ടികളെ ഭക്ഷ്യ വിഷബാധ സംശയത്തെ തുടർന്ന് വയറു വേദന, വയറിളക്കം, ചർദ്ധി തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ വയനാട് മെഡിക്കൽ കോളേജ്,പൊരുന്നന്നൂർ സാമൂഹ്യരോഗ്യ കേന്ദ്രം തുടങ്ങിയ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയിട്ടുണ്ട്.മഴക്കാലത്ത് കുടിവെള്ള മലിനീകരണ സാഹചര്യങ്ങൾ കൂടുതലായാതിനാൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മലിനമായ ജലം, ഭക്ഷണം, വ്യക്തിശുചിത്വത്തിലും പരിസര ശുചിത്വത്തിലുമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് പ്രധാനമായും വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്നത്. ഭക്ഷണ ശുചിത്വത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഷിഗെല്ലോസിസ് പോലുള്ള മാരക പകർച്ച വ്യാധികൾ പൊട്ടിപുറപ്പെടുന്നതിനും കാരണമായേക്കാം. വയറു വേദന, പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയവയാണ് ഇത്തരം രോഗങ്ങളുടെ പ്രാഥമിക ലക്ഷണങ്ങൾ.വയറിളക്കത്തോടൊപ്പം മലത്തിൽ രക്തം കാണുക, അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുക , നിർജ്ജലീകരണം സംഭവിക്കുക തുടങ്ങിയവ രോഗം ഗുരുതരമാകുന്നതിൻറെ ലക്ഷണങ്ങളാണ്. രോഗം ഗുരുതരമായാൽ, പ്രത്യേകിച്ചും കുട്ടികളിൽ മരണം വരെ സംഭവിക്കാനിടയുണ്ട്. പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഭേദമാകുമെന്ന് കരുതി കാത്തിരിക്കുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കൂടാതെ വയറിളക്ക ഭക്ഷ്യവിഷബാധാ സാധ്യതകൾ മുന്നിൽ കണ്ട് അവ തടയാൻ കഴിയുന്ന വിധം നമ്മുടെയും നമ്മുടെ കുട്ടികളുടെയും ശീലങ്ങളിൽ മാറ്റം വരുത്താൻ എല്ലാവരും ശ്രദ്ധിക്കണം.
കൈകൾ സോപ്പിട്ട് കഴുകിയതിന് ശേഷം മാത്രം ഭക്ഷണം പാചകം ചെയ്യുകയും വിളമ്പുകയും ഭക്ഷിക്കുകയും ചെയ്യുക. മലമൂത്ര വിസർജ്ജന ശേഷം കൈകൾ സോപ്പിട്ട് കഴുകുക. കേടായതോ പഴകിയതോ ആയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതും വീണ്ടും ചൂടാക്കി കഴിക്കുന്നതും പൂർണ്ണമായി ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കിണറുകളും കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്തു ശുദ്ധമാക്കുക. അനധികൃതമായി വിപണനം ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ, പാക്കറ്റ് പാനീയങ്ങൾ, സിപ് അപ്, ഐസ്ക്രീം മുതലായവ ഭക്ഷ്യവിഷബാധക്ക് കാരണമായേക്കാമെന്നതിനാൽ ഒഴിവാക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. തുറന്ന് വച്ച ആഹാര പദാർത്ഥങ്ങൾ, സുരക്ഷിതമല്ലാത്തതോ മലിനമായതോ ആയ സ്ഥലങ്ങളിൽ വച്ച് പാചകം ചെയ്യുന്ന പലഹാരങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളുമെല്ലാം പൂർണ്ണമായി ഒഴിവാക്കുക. മാംസാഹാരം നന്നായി വേവിച്ചും സുരക്ഷിതമായതും മാത്രം കഴിക്കുക. ഭക്ഷണ പദാർത്ഥങ്ങൾ മൂടി വച്ച് ഉപയോഗിക്കുക. എല്ലാത്തിനുമുപരി വ്യക്തിശുചിത്വം, കുടിവെള്ള ശുചിത്വം, ഭക്ഷ്യശുചിത്വം, പരിസര ശുചിത്വം എന്നിവ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഭക്ഷ്യ വിഷബാധ സംശയത്തെ തുടർന്ന് വയറുവേദന, വയറിളക്കം, ഛർദി, തുടങ്ങിയ രോഗലക്ഷണങ്ങളോടെ വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട ദ്വാരക എ യു പി സ്കൂളിൽ ആരോഗ്യ വകുപ്പിന്റെ വിദഗ്ദ്ധ സംഘം സന്ദർശിച്ചു, ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
പോരുന്നന്നൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ ഉമേഷ് പി കെ, ജില്ലാ മാസ്മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ് അഷ്‌റഫ് കെ കെ, എപ്പിടെമോളജിസ്റ്റ് ഡോ ബിപിൻ ബാലകൃഷ്ണൻ, എടവക ഹെൽത്ത് ഇൻസ്‌പെക്ടർ മഞ്ജുനാഥ് തുടങ്ങിയവർ സംഗത്തിലുണ്ടായിരുന്നു.