മുണ്ടക്കൈ-ചൂരൽമല ദുരന്തത്തില്‍ വേദനയുടെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും അതിര്‍വരമ്പുകള്‍ താണ്ടിയ വയോജനങ്ങൾ ഇന്ന് സുരക്ഷിതരാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വയോജനങ്ങളുടെ മനസ് തളരാതെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തുകയാണ് സാമൂഹ്യനീതി വകുപ്പ്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡ് പരിധിയിലെ 232 വയോജനങ്ങളെയാണ് ദുരന്തം ബാധിച്ചത്. ഇവരില്‍ കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട രണ്ടു പേരും ബന്ധുക്കള്‍ ഉണ്ടെങ്കിലും മാറ്റി താമസിപ്പിച്ച 18 പേരുമുണ്ട്.ദുരന്തത്തില്‍ സഹായ ഉപകരണങ്ങള്‍ നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍, ഒരാള്‍ക്ക് മുച്ചക്ര വാഹനം, 10 പേര്‍ക്ക് ഉപജീവനത്തിന് തയ്യല്‍യന്ത്രം എന്നിവ സ്പോണ്‍സര്‍ഷിപ്പ് മുഖേന വിതരണം ചെയ്തു.
വയോജനങ്ങള്‍ക്ക് സപ്ലൈകോ മുഖേന ഒരു വര്‍ഷം നീളുന്ന നില്ക്കുന്ന ഭക്ഷ്യ കിറ്റ് വിതരണം ഉറപ്പാക്കി. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വകുപ്പ് പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്.
ഭിന്നശേഷിക്കാരായ 59 പേരെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കംമ്പോസിറ്റ് റീജ്യണല്‍ സെന്റര്‍ ഫോര്‍ സ്കില്‍ ഡവലപ്മെന്റ്- റീഹാബിലിറ്റേഷന്‍ & എംപര്‍മെന്റ് ഓഫ് പേര്സണ്സ് വിത്ത് ഡിസബിലിറ്റീസ് കേന്ദ്രത്തിലേക്ക് ദുരന്തം അതിജീവിച്ചവരെ പുനരധിവസിപ്പിക്കാന്‍ സമഗ്ര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ദുരന്ത സമയത്ത് വിവിധ ക്യാമ്പുകളില്‍ താമസിച്ചവര്‍ക്ക് കൗണ്‍സിലിങ് സെഷനുകള്‍, 548 ഫാംകോ തെറാപ്പി, 280 ഗ്രൂപ്പ് കൗണ്‍സിലിങ്, ഗൃഹസന്ദര്‍ശനം, ഫിസിയോതെറാപ്പി എന്നിവയും നല്കി.