മാനന്തവാടി : വയനാട് -കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതും അപകടം നിറഞ്ഞതുമായ പാൽചുരം റോഡിൽ നിരന്തരമായി ഉണ്ടാകുന്ന യാത്രാ നിരോധനങ്ങൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും അത് പരിഹരിക്കാൻ ചുരമില്ലാ റോഡ് മാത്രമാണ് പരിഹാരമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്.
മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ വിമാന താവളത്തിലേക്കും, കൊട്ടിയൂർ അമ്പലത്തിലേക്കുമൊക്കെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണ് പാൽചുരം റോഡ്.എന്നാൽ ചെങ്കുത്തായ ഇറക്കവും വീതി കുറഞതുമായ പാതയിൽ മണ്ണിടിച്ചിൽ നിത്യ സംഭവമാണ്.
ഇത് മൂലം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്കെത്താൻ നെടുംപൊയിൽ വഴി കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരുന്നു.
ചുരമില്ലാ റോഡിന് ഈ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാനാവുന്നതിനോടൊപ്പം വടക്കേ വയനാടിന്റെ വികസനത്തിന് മുതൽ കൂട്ടാവുകയും ചെയ്യും. അത് കൊണ്ട് എത്രയും പെട്ടന്ന് ചുരമില്ലാ റോഡ് യാഥാർഥ്യമാക്കാൻ സർക്കാരും അധികൃതരും തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുൽത്താൻ വി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി സിദ്ധീഖ്, കെ മഹ്‌റൂഫ്, ജില്ലാ സെക്രട്ടറിമാരായ എസ്.മുനീർ, സൽമ അഷ്‌റഫ്, ജില്ലാ കമ്മിറ്റിയംഗം ടി പി റസാഖ്, മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി,സുമയ്യ,ഖദീജ, സുബൈർ, മമ്മൂട്ടി കെ, നിസാർ എൻ, കരീം കെ തുടങ്ങിയവർ പങ്കെടുത്തു.