‘മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി’ എന്ന ആശയത്തിലൂന്നി ഇക്കുറി ഓണാഘോഷം പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് നടത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനം.
പൂക്കളങ്ങള്‍ക്കും കൊടിതോരണങ്ങള്‍ക്കും മറ്റും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷത്തിന് പ്ലാസ്റ്റിക് ഇല, പ്ലേറ്റ്, കപ്പുകള്‍ എന്നിവ ഒഴിവാക്കണം. വഴിയോര കച്ചവടക്കാരുള്‍പ്പെടെ ആരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. തദ്ദേശസ്ഥാപനങ്ങള്‍ ഇത് ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു.
ആഘോഷങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് ശുചിത്വമിഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യു വി ജോസ് ആവശ്യപ്പെട്ടു. ‘മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ സര്‍ക്കാര്‍ ഓണാഘോഷത്തിനൊരുങ്ങുന്നത്.
ഈ മാസം മൂന്നാം ശനിയാഴ്ച (ഓഗസ്റ്റ് 16) എല്ലാ പൊതുസ്ഥലങ്ങളും വൃത്തിയാക്കാന്‍ ജനകീയയജ്ഞം സംഘടിപ്പിക്കും. ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കും.
ഹരിതചട്ടങ്ങള്‍ പാലിച്ച് ഓണാഘോഷം നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫ്ലാറ്റ് സമുച്ചയങ്ങള്‍, കലാ -കായിക ക്ലബ്ബുകള്‍ എന്നിവയ്ക്ക് തദ്ദേശാടിസ്ഥാനത്തില്‍ സമ്മാനം നല്‍കും. മികച്ച ക്ലബ്ബുകള്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നേതൃത്വം നല്‍കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സമിതിയുടെ ശുപാര്‍ശപ്രകാരം ഹരിത സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനും നഗരസഭയ്ക്കും സമ്മാനം നല്‍കും.