സംഘർഷ മേഖലകളായി മാറിയ വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ വനം വകുപ്പ് ജനങ്ങൾക്ക് ആശ്വാസം പകരുകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചെതലയം റെയിഞ്ചിലെ ഇരുളം, പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനുകളിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിച്ച ലേഡീസ് ബാരക്കുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനവും വന്യജീവികളും സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ ആകെയുള്ള നന്മയ്ക്ക് വേണ്ടിയാണെന്നും മെച്ചപ്പെട്ട സേവനം നൽകുന്നതോടൊപ്പം ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന കാര്യത്തിലും സർക്കാർ മുൻപന്തിയിലാണെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകി പദ്ധതികൾ പൂർത്തിയാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതികൾ മുൻകൂട്ടി ക്രമീകരിച്ച് ജനങ്ങൾക്ക് വേഗത്തിൽ ഫലപ്രാപ്തി ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഐ സി ബാലകൃഷ്‌ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്‌കുമാർ, പൂതാടി ഗ്രാമപഞ്ചായത്ത് അംഗം ഷിജി ഷിബു, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം സുശീല സുബ്രഹ്മണ്യൻ, കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി എൻ അഞ്ജൻകുമാർ, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, നോർത്ത് വയനാട് ഡിഎഫ്ഒ ആർ സന്തോഷ് കുമാർ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ രാമൻ, സോഷ്യൽ ഫോറസ്ട്രി വയനാട് എസിഎഫ് എം ടി ഹരിലാൽ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.