രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചോദ്യം ഉയർത്തുന്നത്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവർ ഉയർത്തുന്നു. അതേസമയം, പരാതിയും കേസുമില്ലാതെ ഇപ്പോൾ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ എംൽഎക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. അടൂരിലെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും മാർച്ച് നടക്കും. ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി അടൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി പ്രതിഷേധിക്കും. കണ്ണൂരിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വേറിട്ട പ്രതിഷേധമാണ് ഡിവൈഎഫ്ഐ നടത്തിയത്. കണ്ണൂർ മലപ്പട്ടത്തെ സിപിഎം-കോണ്ഗ്രസ് സംഘർഷ സമയത്ത് രാഹുൽ മാങ്കുട്ടം പ്രസംഗിച്ച മലപ്പട്ടം സെൻ്ററിൽ ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ പ്രവർത്തകർ സോപ്പ് വെള്ളം തളിച്ച് വൃത്തിയാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുലേഖ പരിപാടി ഉദ്ഘാടനം ചെയ്തു.