ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും
ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും ദിവസങ്ങൾ താമസിക്കണോ..? മിക്കപ്പോഴും സ്ത്രീകൾ നട്ടം തിരിയുന്ന ഈ അവസ്ഥയ്ക്ക് ഷീ ലോഡ്ജിലൂടെ പരിഹാരം കാണുകയാണ് എടവക ഗ്രാമപഞ്ചായത്ത്.മാനന്തവാടി ദ്വാരകയിലാണ് എടവക ഗ്രാമപഞ്ചായത്തിന്റെ ഷീ ലോഡ്ജ് വരുന്നത്. മിതമായ നിരക്കിൽ സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാനും
വിശ്രമത്തിനുമുള്ള ഇടമാണിത്.
ജില്ലയിൽ വിനോദ സഞ്ചാരത്തിനോ മറ്റ് ആവശ്യങ്ങൾക്കോ എത്തുന്ന സ്ത്രീകൾക്ക് രാത്രി വിശ്രമിക്കാൻ സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതിയുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ട് വന്നത്.
ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി തുടങ്ങിയ സൗകര്യങ്ങളോട് കൂടി പരമാവധി അഞ്ചു ദിവസത്തേക്ക് ഒരുമിച്ച് ബുക്ക് ചെയ്യാം. 30 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമിറ്ററി സൗകര്യമാണുള്ളത്.
നേരത്തെ നടപ്പാക്കാൻ തീരുമാനിച്ച പദ്ധതിയുടെ ആദ്യഘട്ടം കൊറോണ വ്യാപനം കാരണം വൈകിയെങ്കിലും രണ്ട് വർഷങ്ങൾക്ക് ശേഷം പുനരാരംഭിച്ചു. കെട്ടിട നിർമ്മാണ പ്രവൃത്തി
സിൽക്ക് എന്ന സർക്കാർ അക്രഡിറ്റഡ് കമ്പനിയാണ് ഏറ്റെടുത്തത്.
എടവക ഗ്രാമപഞ്ചായത്തിൻ്റെയും
ജില്ലാ പഞ്ചായത്തിൻ്റെയും വനിതാഘടക പദ്ധതിയിൽ നിന്നും എടവഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 48 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഷീ ലോഡ്ജിൻ്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
ഷീ ലോഡ്ജിനുള്ള അനുബന്ധ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ഫിറ്റ്നസ് സെൻ്റർ, ഷട്ടിൽ കോർട്ട് തുടങ്ങിയവയും ആരംഭിക്കും.
മാനന്തവാടി രൂപത എടവക ഗ്രാമപഞ്ചായത്തിന് നൽകിയ 20 സെൻ്റ് സ്ഥലത്ത് നിർമ്മിക്കുന്ന ഷീ ലോഡ്ജ് സെപ്റ്റംബറിൽ തുറന്ന് പ്രവർത്തിക്കും. കുടുംബശ്രീ, വനിത ഘടകങ്ങൾക്കായിരിക്കും ഷീലോഡ്ജിന്റെ നടത്തിപ്പ് ചുമതല.