നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയുടെ കീഴിൽ ജില്ലയിൽ നടത്തിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ പദ്ധതിക്ക് കീഴിൽ വിവിധ മേഖലകളിൽ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കാവുന്ന പദ്ധതികളും ചര്‍ച്ച ചെയ്തു. ആരോഗ്യ മേഖലയിൽ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ, ആശുപത്രികളുടെ കെട്ടിട നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള പദ്ധതികളും കാര്‍ഷിക മേഖലയിൽ സൂക്ഷ്മ ജലസേചന പദ്ധതികളുടെ വ്യാപനത്തിനുള്ള പദ്ധതികളും അതത് വകുപ്പുകൾ അവതരിപ്പിച്ചു. പിന്നോക്ക മേഖലകളിലെ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന മികവ് വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
മൃഗസംരക്ഷണം, തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, ദാരിദ്ര്യ ലഘൂകരണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്തുകളിൽ ആസ്പിരേഷണൽ ജില്ലാ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങൾ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
സമയബന്ധിതമായി പദ്ധതികൾ പൂര്‍ത്തിയാക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആർ മേഘശ്രീ നിര്‍ദേശിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇൻ-ചാര്‍ജ് കെ എസ് ശ്രീജിത്ത്, ജില്ലാ പ്ലാനിങ് വകുപ്പിലെ റിസര്‍ച്ച് അസിസ്റ്റന്റ് ഷംസുദ്ദീൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു