തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
സർക്കാർ, സ്വകാര്യ മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പു വരുത്താനാണ് ഐസി സംവിധാനം കാര്യക്ഷമമാക്കാൻ കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-ബ്ലോക്ക് തലങ്ങളിൽ പോഷ് ആക്ട് ബോധവത്കരണം നടത്തും. വയനാട് ജില്ലയിൽ താരതമ്യേന പരാതികൾ കുറവാണ്. എന്നാൽ, ഇവിടെ സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടല്ല പരാതികൾ കുറയുന്നത്. എവിടെ പരാതി കൊടുക്കണം എന്ന അറിവില്ലായ്മയാണ് പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിന് ജാഗ്രത സമിതികൾ കാര്യക്ഷമമാകേണ്ടതുണ്ട്, കമ്മീഷൻ അംഗം പറഞ്ഞു.
സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം ഉണ്ടെങ്കിലും കുടുംബത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനോ സ്വന്തമായ നിലപാട് സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നും -സ്ത്രീകൾ തൊഴിൽ നേടേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടി ചേർത്തു.
ജില്ലയിൽ ജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ തൃതല പഞ്ചായത്തുകളിൽ സെമിനാറുകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായും കമ്മീഷൻ അറിയിച്ചു.
അദാലത്തില്‍ 13 പരാതികള്‍ ലഭിച്ചതിൽ രണ്ടെണ്ണം തീർപ്പാക്കി. 11 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികൾ ലഭിച്ചു.
ഗാർഹിക പീഡനം, വസ്തു തർക്കം, തൊഴിലിടങ്ങളിലെ പീഡനം തുടങ്ങിയ വിഷയങ്ങളിലാണ് പരാതികൾ ലഭിച്ചത്.
കൗണ്‍സിലര്‍മാരായ കെ ആർ ശ്വേത, റിയ റോസ് മേരി, എഎസ്ഐമാരായ കെ നസീമ, കെ എം ജിജി മോൾ തുടങ്ങിയവർ പങ്കെടുത്തു.