സ്റ്റുഡൻ്റ് ഡോക്ടർ കാഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർവ്വഹിച്ചു. സ്റ്റുഡൻ്റ് ഡോക്ടർ കാഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കുട്ടികൾക്കായി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കുട്ടികൾക്കിടയിൽ തന്നെ അവരുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി കുട്ടി ഡോക്ടർമാർ എന്ന പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയിലൂടെ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം ഉറപ്പ് വരുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മുതിർന്നവർക്ക് വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കി നൽകാനും കുട്ടി ഡോക്ടർമാർക്ക് സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിൽ 1882 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയത്. വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് താത്പര്യവും കാര്യക്ഷമതയുമുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിയത്. രാജ്യത്തെ സ്വതന്ത്ര സിവിലിയൻ ബഹുമതിയായ സ്കോച്ച് അവാർഡും പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹാംലറ്റ് ആശ രണ്ടാംഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ജില്ലയിലെ ആദിവാസി വിഭാഗത്തിൻ്റെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായാണ് ഹാംലറ്റ് ആശ പദ്ധതി ആരംഭിച്ചത്. ആശ പ്രവർത്തകരുടെ സഹായത്തോടെ കോളനികളിലെ ഗർഭിണികൾ, നവജാതശിശുക്കൾ ഉൾപ്പെടെയുള്ളവരുടെ പരിചരണം കാര്യക്ഷമമായി നടത്താൻ സാധിച്ചു. ജില്ലയിലെ 241 ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചാണ് ഹാംലറ്റ് ആശമാർ പ്രവർത്തിക്കുന്നത്.
കളക്ട്രേറ്റ് എ.പി.ജെ ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം.എ. മുഹമ്മദ് ബഷീർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ആരോഗ്യ കേരളം സി.പി.എം ഡോ. ബി. അഭിലാഷ്, ജില്ലാ മാസ് മീഡിയാ ഓഫീസർ കെ. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.