നെടുമ്പാശ്ശേരി :ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ മകന്‍ പിതാവിനെ മാതാവിന്റെ കണ്‍മുന്നില്‍ ചവിട്ടിക്കൊന്നു. പാറക്കടവ് പൂവത്തുശ്ശേരി ഐനിക്കത്താഴം പട്ടത്ത് മനോഹര(65)നെ വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ നിന്നു വ്യക്തമായത്. തുടര്‍ന്ന് മകന്‍ മഹേഷ് എന്ന കണ്ണനെ(34) ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.
മാതാവ് നോക്കിനില്‍ക്കെ മുറിയില്‍ തള്ളിയിട്ട് മകന്‍ മനോഹരനെ നെഞ്ചില്‍ ചവിട്ടുകയും വാക്കത്തികൊണ്ട് തലയ്ക്ക് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നുമദ്യപിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. മഹേഷ് നിരവധി തവണ മനോഹരനെ ചവിട്ടിയതായും വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് കുത്തിക്കയറിയതായും പോലിസ് പറഞ്ഞു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ലോട്ടറി വില്‍പനക്കാരനായ മനോഹരന്‍ മകന്റൈ മര്‍ദനം സഹിക്കാതെ വന്നപ്പോള്‍ അയല്‍പക്കത്തേക്ക് ഓടിപ്പോയിരുന്നു. തുടര്‍ന്ന് ഏറെനേരം അയല്‍വാസിയുടെ വീട്ടില്‍ തങ്ങി. മകന്‍ ശാന്തനായെന്ന് കരുതി വീട്ടിലെത്തിയപ്പോള്‍ മഹേഷ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും അനക്കമില്ലാതായതോടെ അച്ഛന്‍ തല തകര്‍ന്ന് രക്തം വാര്‍ന്നൊഴുകുന്നതായി മഹേഷാണ് പോലിനെ അറിയിച്ചത്.
ചെങ്ങമനാട് പോലിസ് വീട്ടിലെത്തിയപ്പോള്‍ മനോഹരന്‍ മരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധ മറുപടി പറഞ്ഞതോടെ മഹേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മഹേഷ് ഈയിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. വിവാഹബന്ധം വേര്‍പിരിഞ്ഞ മഹേഷ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി പോലിസ് പറഞ്ഞു.