മംഗളൂരു∙ ദുരൂഹസാഹചര്യത്തിൽ കാണാതായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ പൊലീസ് പിടിയിൽ.
ഇന്ന് കർണാടകയിൽവച്ചാണ് സനുവിനെ പൊലീസ് പിടികൂടിയത്. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിൽ എത്തിക്കും. മാർച്ച് 20ന് ആണ് സനു മോഹനെ(40)യും മകൾ വൈഗയെയും (13) കാണാതായത്. പിറ്റേന്ന്, വൈഗയെ മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
എന്നാൽ സനുമോഹൻ ‘അപ്രത്യക്ഷൻ’ ആകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കോയമ്പത്തൂർ വരെ എത്തിയതായി കണ്ടെത്തി. തുടർന്നു രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാൾ കർണാടകയിലെ കൊല്ലൂരിലെ ഹോട്ടലിൽ ഏപ്രിൽ 10 മുതൽ 16 വരെ താമസിച്ചതായി വ്യക്തമായത്.
ലോഡ്ജിൽ വെള്ളി പകൽ 11.30 വരെ ഉണ്ടായിരുന്നതു സനു മോഹൻ ആണെന്നു സ്ഥിരീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. പിന്നീട്, ഇയാൾ വനമേഖലയിലേക്കു കടന്നതായുള്ള സൂചനയെത്തുടർന്ന് ഇതു കേന്ദ്രീകരിച്ച് അന്വേഷണവും നടത്തിയിരുന്നു.