രണ്ട് മാസം മുൻപ് തന്റെ പിതാവിനെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായയെ കണ്ടെത്തി ക്രൂരമായി തല്ലിക്കൊന്ന് 17 വയസുകാരൻ.
മുംബൈയിലാണ് സംഭവം. ഇതേ തുടർന്ന് കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സാന്താക്രൂസ് പൊലീസാണ് തെരുവ് നായയെ കൊന്നതിന്റെ പേരിൽ 17കാരനെതിരെ കേസെടുത്തിരിക്കുന്നത്.
പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന സംഘടന നൽകിയ പരാതിയിന്മേലാണ് കേസ്.
ഏപ്രിൽ 24നാണ് 17കാരൻ നായയെ അതിക്രൂരമായി ഉപദ്രവിച്ചത്. മൃഗസംരക്ഷണ പ്രവർത്തകർ എത്തി നായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെയാണ് പൊലീസിന് പരാതി നൽകിയത്. തന്റെ പിതാവിനെ കടിച്ചതിനുള്ള പ്രതികാരമാണ് കുട്ടി നായയോട് തീർത്തത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.