ചെമ്പരത്തി ഇല്ലാത്ത വീടുകൾ വിരളമാണ്. ഗ്രാമ പ്രദേശങ്ങളിൽ അതിരിലും തൊടിയിലുമൊക്കെ സർവ സാധാരണമാണ് ചെമ്പരത്തി. സുലഭമായി കിട്ടുന്ന ചെമ്പരത്തി മുടിക്കും മുഖത്തിനുമെല്ലാം ഒരുപോലെ ഗുണം പ്രദാനം ചെയ്യുന്ന ഒന്നാണെന്ന് പലർക്കും അറിയില്ല. മുടിയുടെ പ്രശ്നങ്ങൾക്കും, ചർമ്മ കാന്തിക്കുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ചെമ്പരത്തി.
അകാല നരയ്ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈരും ചെമ്പരത്തി ഇലയും. ചെമ്പരത്തി ഇല ഉണക്കി പൊടിച്ചെടുത്തത് നാലോ ആറോ ടീ സ്പൂണ്‍ തൈരിനോട് മിക്‌സ് ചെയ്തെടുക്കുന്ന മിശ്രിതം തലയില്‍ പുരട്ടുന്നത് അകാല നര ഇല്ലാതാക്കാന്‍ സഹായിക്കും.
മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു വില്ലനാണ് താരൻ. താരനെയും നിസാരമായി തുരത്തും, ചെമ്പരത്തി. ചെമ്പരത്തികൊണ്ടുള്ള ഹെയർമാസ്ക്കാണ് താരനെ തുരത്താൻ വേണ്ടത്. പത്ത് ചെമ്പരത്തി ഇലകൾ എടുക്കാം. ശേഷം ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവച്ച ഉലുവ ഒരു ടീസ്പൂണും, അരക്കപ്പ് തൈരും എടുക്കണം. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടണം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
മുഖ കാന്തിക്ക് വീട്ടുമുറ്റത്തെ ചെമ്പരത്തി കയ്യിലിട്ടു തിരുമ്മി മുഖത്തു പുരട്ടി മസാജ് ചെയ്യാം. നേരിട്ട് മുഖത്ത് ഇത് പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകിക്കളയണം. നിറം വർധിക്കാനും, പ്രായക്കൂടുതൽ തോന്നുന്നത് മാറ്റാനും, ചുളിവുകളും മറ്റും നീക്കം ചെയ്യാനും ചെമ്പരത്തികൊണ്ട് സാധിക്കും.