തിരുവനന്തപുരം: സഹ്യപര്‍വതനിരകളില്‍ മാത്രം കാണപ്പെടുന്ന പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാന്‍ നടപടി. വനം വകുപ്പിന്റെ ശുപാര്‍ശ സംസ്ഥാന വന്യജീവി സംരക്ഷണ ബോര്‍ഡിന് ഉടന്‍ സമര്‍പ്പിക്കും. മഹാബലി തവള, പന്നിമൂക്കന്‍ തവള എന്നുമൊക്കെ ഇത് അറിയപ്പെടുന്നു. ‘പര്‍പ്പിള്‍ ഫ്രോഗ്’ എന്നും പേരുണ്ട്.’നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ്’ എന്നാണു ശാസ്ത്രീയ നാമം. സൂഓഗ്ലോസ്സിഡായെ കുടുംബത്തില്‍പ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസില്‍ ആയാണ് കണക്കാക്കപ്പെടുന്നത്. പന്നികളുടേതു പോലെ മൂക്ക് ഉള്ളതിനാലാണ് ‘പന്നി മൂക്കന്‍ തവള’ എന്ന പേരുവന്നത്. വെളുത്ത നിറമുള്ള കൂര്‍ത്ത മൂക്കാണ് ഇവയ്ക്ക്.വര്‍ഷത്തില്‍ 364 ദിവസവും ഇവ മണ്ണിനടിയിലാണ്.
പ്രജനനത്തിനായി ഒരു ദിവസം മാത്രം പുറത്തെത്തും. അതുകൊണ്ടാണ് ‘മാവേലി തവള’ എന്ന പേര് വന്നത്. ഈ പേരില്‍ തവളയെ ഔദ്യോഗിക തവളയാക്കാനാണ് ശ്രമം. ചിതലും മണ്ണിരയും മണ്ണിലെ മറ്റു ചെറു പ്രാണികളമാണു ഭക്ഷണം.
ഏകദേശം ഏഴ് സെന്റിമീറ്റര്‍ വരെ നീളമുള്ള ഇവയുടെ ശരീരം ധൂമ്ര നിറത്തിലുള്ളതാണ്2003 ഒക്ടോബറില്‍ ഇടുക്കി ജില്ലയിലാണ് പാതാള തവളയെ ആദ്യം കണ്ടത്. ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫ. എസ്.ഡി.ബിജു, ബ്രസല്‍സ് ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടു എന്നിവരാണ് ഇതിനെ കണ്ടെത്തിയത്. 2012 ഡിസംബറില്‍ തൃശൂരിലും കണ്ടെത്തി.