യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പന്തല്ലൂർ കിഴക്കുപറമ്ബ് പാറക്കോടൻ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ ആണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
യുവതിയുമായി മുന്പരിചയമുള്ള ഡാനിഷ് മുഹമ്മദ് ഏപ്രില്‍മാസം പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡില്‍ നിന്ന് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസില്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി പരാതി നല്‍കാതെ പിന്മാറുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും യുവാവ് അതിക്രമം തുടർന്നു.
ജൂണ്‍ രണ്ടിന് ഡാനിഷ് ജോലി ചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തില്‍വെച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഒരുവർഷം മുമ്ബ് യുവതിയും ജോലി ചെയ്തിരുന്നു.