സ്‌കൂളകളില്‍ പഠിപ്പിക്കുന്നത് കൃത്യമായി പഠിക്കുകയും ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള എന്‍.സി.ഇ.ആര്‍.ടി പാഠ പുസ്തകങ്ങള്‍ നന്നായി പഠിക്കുകയും പത്രവായന ഒരു ശീലമാക്കുകയും ചെയ്താല്‍ സിവില്‍ സര്‍വീസ് നേടാനാവുമെന്ന് ജില്ലാ കളക്റ്റര്‍ മേഘശ്രീ. കളക്ട്രേറ്റില്‍ കുട്ടികളുമായുള്ള ഗുഡ് മോണിങ് കേരള പ്രതിവാര സംവാദ പരിപാടിയില്‍ കബനിഗിരി നിര്‍മല എച്ച്.എസിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു കളക്ടര്‍ ഡി.ആര്‍ മേഘശ്രീ.
ജില്ലാ കളക്ടറുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ്? ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്തുകൊണ്ട്? വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടിയുണ്ടാവുമോ? വയനാട് ജില്ലയിലെ പിന്നാക്ക വിഭാങ്ങള്‍ക്ക് ഭരണഘടനാപരമായും നിയമപരമായും ലഭിക്കേണ്ട സംരക്ഷണവും ആനുകൂല്യങ്ങളും ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ? ലഹരി ഉപഭോഗം തടയുന്നതിനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമോ? തുടങ്ങി പ്രസക്തമായ ചോദ്യങ്ങളാണ് കുട്ടികള്‍ ജില്ലാ കളക്റ്റര്‍ മുമ്പാകെ ഉന്നയിച്ചത്. കുട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ കൃത്യമായി മറുപടി പറഞ്ഞു.
ലഹരിവിരുദ്ധ ബോധവല്‍കരണത്തിനായി എക്‌സൈസ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ വിപുലമായ ക്യാമ്പയിന്‍ നടത്തും. വയനാട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്റ്റര്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്‍കി. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിവിധ വകുപ്പുകളെ എകോപിച്ച് കൊണ്ട് പദ്ധതികള്‍ നടപ്പാക്കും. താമസ സൗകര്യം, കുടിവെള്ളം, റോഡ്, വൈദ്യുതി, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്നതിലൂടെ മാത്രമേ സാമൂഹിക നീതി കൈവരിക്കാനും ഭരണ ഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാനുമാകൂ. മനുഷ്യ-വന്യ ജീവി സംഘര്‍ഷം ഇല്ലാതാക്കുന്നതിന് മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയണം. ഇതിനായി മൃഗങ്ങള്‍ക്ക് കാട്ടില്‍ തന്നെ വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ചൂരല്‍മല – മുണ്ടക്കൈ ദുരന്തം നേരിടുന്നതിന് സര്‍ക്കാറും ജില്ലാ ഭരണകൂടവും വിവിധ സേനാ വിഭാഗങ്ങളും വകുപ്പുകളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. രക്ഷാ പ്രവര്‍ത്തനം മുതല്‍ താല്‍ക്കാലിക പുനരധിവാസം വരെ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിച്ചു. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ഇതിന് നേതൃത്വം നല്‍കാന്‍ സാധിച്ചു. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടവരാണ്. അതിനുള്ള അറിവും പ്രാപ്തിയും നേതൃ ഗുണവും അച്ചടക്കവും പഠന കാലത്ത് തന്നെ ആര്‍ജ്ജിച്ചെടുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നത്
സിവില്‍ സര്‍വ്വീസ് നേടുന്നതിന് സഹായകമായിട്ടുണ്ടെന്നും കളക്ടര്‍ കുട്ടികളെഓര്‍മ്മപ്പെടുത്തി
ഊരുമൂപ്പന്‍മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാല നടത്തി
2024 ലെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ മീറ്റിങ് ഹാളില്‍ ് ഊരുമൂപ്പന്‍മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാലയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗര സഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി വാര്‍ഡ് 15 ഡിവിഷന്‍ കൌണ്‍സിലര്‍ പ്രജിത അധ്യക്ഷത വഹിച്ചു സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ മജീദ് എം വിഷയാവതരണം നടത്തി. അസി. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ആര്‍ സിന്ധു സ്വാഗതവും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുഹറ കെ ടി നന്ദിയും പറഞ്ഞു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ഷൈനി ഉതുപ്പ്, ഷീജ പി.ജെ, ശ്രീനാഥ് പി എസ,് ഊരുമൂപ്പന്‍ പ്രതിനിധി ബി വി ബോളന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശില്‍പ്പശാലയോടനുബന്ധിച്ചുള്ള ആരോഗ്യ സെമിനാറില്‍ ജീവിത ശൈലി രോഗങ്ങള്‍, പുകയില, മദ്യം, മയക്കുമരുന്ന് മുതലായ ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും നടത്തി. ആരോഗ്യ കേരളം വയനാട് ഡി.പി.എം സമീഹ സെയ്തലവി ക്ലാസെടുത്തു. പട്ടികവര്‍ഗ്ഗ ശാക്തീകരണം സംബന്ധിച്ച് പൂതാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോഷി മോന്‍ സി.കെ സംസാരിച്ചു. പി.ഒ.എ, പോക്‌സോ ആക്ട് എന്നീ വിഷയങ്ങളില്‍ താലൂക്ക് നിയമ സേവന സമിതി മെമ്പര്‍ അഡ്വ. ശ്രീമതി, പ്രസന്ന എന്നിവര്‍ വിശദീകരിച്ചു. ഊരുമൂപ്പന്‍മാര്‍ ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ മജീദ് എം വിശദീകരണം നല്‍കി.
ജില്ലാ പദ്ധതി തയ്യാറാക്കല്‍ – ജില്ലാ തല കൂടിയാലോചനാ
യോഗം സംഘടിപ്പിച്ചു
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും പുതിയ മുന്‍ഗണകളും വികസന സാധ്യതകളും ഉള്‍കൊണ്ടു സമഗ്ര ജില്ലാ പദ്ധതി രൂപീകരിക്കുകയെന്ന ജില്ലാ ആസൂത്രണ സമിതിയുടെ ചുമതലയുടെ ഭാഗമായി ഡാ.എ.പി.ജെ.അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ജില്ലാതല കൂടിയാലോചനായോഗം സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പദ്ധതികള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം പ്രസാദന്‍, ജില്ലാ ആസൂത്രണ സമിതി മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്മാര്‍, ജില്ലാ റിസോഴ്‌സ് സെന്റര്‍ അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായ സംഘടനാ നേതാക്കള്‍, ഗവേഷണ വികസന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, മിഷനുകളുടെയും മറ്റു വികസന ഏജന്‍സികളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍, എന്‍ ജി ഒ പ്രതിനിധികള്‍, സംരംഭകര്‍, ഉപസമിതിയുടെ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ നിലനില്‍ക്കുന്ന വന്യമൃഗ ശല്യം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മറികടക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളും കാഴ്ചപ്പാടുകളും രൂപരേഖയില്‍ ഉണ്ടാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കരട് ജില്ലാ പദ്ധതി അഭിപ്രായ രൂപീകരണം, ജില്ലാ വികസന സെമിനാര്‍ എന്നിവ പൂര്‍ത്തീകരിച്ച് ഡിസംബര്‍ 13 ന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി ഡിസംബര്‍ 16ന് സമഗ്ര ജില്ലാ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും.